ബാലിയിൽ അഗ്നിപർവത സ്ഫോടനം; എയർ ഇന്ത്യ വിമാനം യാത്ര പാതിവഴിയിൽ ഉപേക്ഷിച്ചു, തിരികെ പറന്നു

ന്യൂഡൽഹി: ഇന്തോനേഷ്യൻ നഗരമായ ബാലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് തിരിച്ചു പറന്നു. ഇന്ന് ന്യൂഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എഐ 2145 വിമാനമാണ് വിമാനത്താവളത്തിനു സമീപം അഗ്നിപർവത സ്ഫോടനമാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ചു തിരികെ പറന്നത്.

വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്നും പുറത്തിറക്കിയതായി എയർ ഇന്ത്യ അറിയിച്ചു.

അഗ്നിപർവന സ്ഫോടനത്തെ തുടർന്ന് മറ്റു പല എയർലൈൻ കമ്പനികളുടെയും ബാലി വിമാന സ‍ർവീസുകൾ റദ്ദാക്കിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനു മുൻപും സമാനമായ സംഭവം ബാലിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. 

തിരികെയെത്തിയ യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഏർ‍പ്പെടുത്തുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് റദ്ദാക്കാൻ തീരുമാനിക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുകയോ അല്ലെങ്കിൽ പകരം സംവിധാനം ഒരുക്കുകയോ ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു.