കൊച്ചിയിൽ നങ്കൂരമിട്ട ഇറാൻ പടക്കപ്പലിലെ നാവികർ മടങ്ങി; ചാർട്ടർ ചെയ്ത വിമാനത്തിൽ പറന്നത് അർമേനിയയിലേക്ക്

നെടുമ്പാശേരി: കൊച്ചി തുറമുഖത്തെത്തിയ ഇറാനിയൻ നേവിയുടെ ഐആർഐഎസ് ലാവൻ പടക്കപ്പലിലെ 107 നാവികരും 33 ഇറാനിയൻ പൗരന്മാരും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ചാർട്ടർ ചെയ്ത വിമാനത്തിൽ അർമേനിയയിലേക്ക് മടങ്ങി.

ഇന്ത്യൻ നേവി കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് സംഘം വിമാനത്താവളത്തിൽ എത്തിയത്. ഇറാൻ സർക്കാർ ഏർപ്പെടുത്തിയ ഫ്ളൈ എക്സ് എയ്റോ വിമാനത്തിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അർമേനിയയിലെ സവാർനോട്ട്സ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് സംഘം പുറപ്പെട്ടത്. കൊളംബോയിൽ നിന്നാണ് ഈ വിമാനം കൊച്ചിയിൽ എത്തിയത്.

കഴിഞ്ഞ നാലിനാണ് ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ആക്രമണ ഭീതിയിൽ ഐആർഐഎസ് ലാവൻ പടക്കപ്പലിലെ ഇറാനിയൻ നാവികരും ഇറാനിയൻ പൗരൻമാരും കേന്ദ്ര സർക്കാർ അനുമതിയോടെ കൊച്ചിയിൽ നങ്കൂരമിട്ടത്. ഇറാൻ പൗരന്മാർ ഇന്ത്യയിൽ ബിസിനസ് ആവശ്യങ്ങൾക്കും മറ്റും എത്തിയവരായിരുന്നു.