തെഹ്‌റാന്‍ ഒഴിയാന്‍ നിര്‍ദ്ദേശം,ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി ട്രംപിന്റെ മടക്കം

ന്യൂയോര്‍ക്ക്: ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ തെഹ്റാനില്‍നിന്ന് എല്ലാവരും ഒഴിയണമെന്ന നിര്‍ദ്ദേശവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് നിര്‍ദ്ദേശം പങ്കുവെച്ചത്.

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വും സമാന ആവശ്യം നേരത്തെ  ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ സ്റ്റേറ്റ് ടിവിക്ക് നേരെ ആക്രമണം നടന്നത്. വടക്കുകിഴക്കന്‍ തെഹ്റാനില്‍നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നാണ് ഇസ്‌റാഈല്‍ നിര്‍ദേശിച്ചിരുന്നത്.

അതേസമയം, ട്രംപ് നേരിട്ട് യുദ്ധത്തില്‍ പങ്കാളിയാകുമോ എന്ന ആശങ്ക ഉയര്‍ത്തുന്നതാണ് സന്ദേശം. ഇരാന്‍ ആണവ കരാറില്‍ ഒപ്പിടേണ്ടതായിരുന്നു എന്ന് ട്രംപ് സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. മനുഷ്യ ജീവിതം പാഴാക്കുകയാണെന്നും ഇറാന് ആണവായുധം കൈവശം വെക്കാന്‍ കഴിയില്ലെന്നും ട്രംപം സന്ദേശത്തില്‍ ആവര്‍ത്തിക്കുന്നു. എല്ലാവരും എത്രയുംപെട്ടെന്ന് തെഹ്റാനില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ട്രംപ് ‘ട്രൂത്ത് സോഷ്യലി’ല്‍ കുറിച്ചത്. ഇറാന് ആണവായുധം കൈവശംവെയ്ക്കാന്‍ കഴിയില്ലെന്നും താന്‍ ഇത് വീണ്ടും വീണ്ടും പറയുകയാണെന്നും ട്രംപ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.  

‘ഒപ്പിടാന്‍ പറഞ്ഞ ‘കരാറില്‍’ ഇറാന്‍ ഒപ്പിടേണ്ടതായിരുന്നു. എന്തൊരു നാണക്കേട്, മനുഷ്യജീവിതം പാഴാക്കല്‍. ലളിതമായി പറഞ്ഞാല്‍, ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല. ഞാന്‍ അത് വീണ്ടും വീണ്ടും പറഞ്ഞു! എല്ലാവരും ഉടന്‍ തെഹ്റാന്‍ ഒഴിയണം!’ ഇതാണ് ട്രംപിന്റെ സന്ദേശം. ഇരാനുമായി ഒരു കരാറിന് ഒരുങ്ങുകയാണെന്നും ട്രംപ് പറയുന്നുണ്ട്. 

അതിനിടെ, കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി ട്രംപ് ഒരുദിവസം മുന്‍പേ മടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിക്കുന്നു. അതിനിടെ, ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ രാത്രിയുടനീളമുണ്ടായ ഇസ്‌റാഈലിന്റെ വ്യോമാക്രമണത്തില്‍ 40ലധികം പേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ മിസൈല്‍ സംവിധാനങ്ങള്‍ ഭൂരിഭാഗവും തകര്‍ത്തെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. തിരിച്ചടിയെന്നോണം തെല്‍ അവീവിലും ഹൈഫയിലും ഇറാന്‍ മിസൈലാക്രമണം നടത്തി.