കുവൈത്ത് സിറ്റി: കുവൈത്തിൽ ബാലിസ്റ്റിക് മിസൈലുകൾ കാണപ്പെട്ടെന്ന സാമൂഹിക മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിച്ച് കുവൈത്ത് സേന. മിസൈലുകൾ കുതിച്ചുയർന്നത് വളരെ ഉയരത്തിൽ ആയിരുന്നുവെന്നും, അവ രാജ്യത്തിന്‍റെ വ്യോമപരിധിക്ക് പുറത്തായി സഞ്ചരിച്ചതിനാൽ കുവൈത്തിന് യാതൊരു ഭീഷണിയുമില്ലെന്നും ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു.
ഇന്ന് വെളുപ്പിനാണ് കുവൈത്തിലെ മിക്ക പ്രദേശങ്ങളിൽ നിന്നും ആകാശത്ത് മിസൈലുകൾ സഞ്ചരിക്കുന്നത് ദൃശ്യമായത്. നിമിഷങ്ങൾക്കകം വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് ആർമി വിശദീകരണവുമായി എത്തിയത്.
മിസൈലുകൾ ഇറാനിലെ ബന്ദർ ഖോമെയ്നി മേഖലയിൽ നിന്നും സാഗ്രോസ് മലനിരകളിൽ നിന്നുമാണ് വിക്ഷേപിച്ചതെന്ന് മുന്‍ സൈനികന്‍ കൂടിയായ പാര്‍ലമെന്‍റ് അംഗവും അഭിഭാഷകനുമായ നാസര്‍ അല്‍ ദുവൈല അറിയിച്ചു. ഹഫർ അൽ-ബാത്തിൻ, റഫ്ഹ, കുവൈത്ത്, ഖത്തർ എന്നീ പ്രദേശങ്ങളിൽ ഈ മിസൈലുകൾ ദൃശ്യമായതായും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ആശങ്കകള്‍ ഒഴിവാക്കാൻ സേന ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. സുരക്ഷാ സംവിധാനങ്ങൾ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നും ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ വ്യക്തമാക്കി.