സംസം വെള്ളം ഇനി വീട്ടുപടിക്കൽ പാഴ്സൽ ആയി എത്തും; സംവിധാനം ഒരുക്കി നുസുക്

0
170

റിയാദ്: സഊദിയിൽ എവിടെയുള്ളവർക്കും ഇനി നുസുക് പ്ലാറ്റ് ഫോമിലൂടെ സംസം വെള്ളം ഓർഡർ ചെയ്യാം. പണമടച്ചുകഴിഞ്ഞാല്‍ അഞ്ചു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ സഊദിയില്‍ എവിടെയും ഉപയോക്താക്കള്‍ നിര്‍ദേശിക്കുന്ന വിലാസത്തില്‍ സംസം വെള്ളം നേരിട്ട് ഡെലിവറി ചെയ്യും. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ അഞ്ചു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ സൗദിയില്‍ എവിടെയും ഉപയോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കുന്ന പദ്ധതിയാണ് തുടങ്ങിയത്.

330 മില്ലി ശേഷിയുള്ള 24 സംസം ബോട്ടിലുകള്‍ അടങ്ങിയ കാര്‍ട്ടണുകളാണ് ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നത്. ഒരു കാര്‍ട്ടണിന് 48 റിയാലാണ് വില. ഓരോ ഉപയോക്താവിനും മാസത്തില്‍ പരമാവധി മൂന്നു കാര്‍ട്ടണുകളാണ് നല്‍കുക. നുസുക് ആപ്പ് തുറന്ന് സര്‍വീസ് പട്ടിക, സംസം വെള്ളം, ആവശ്യമായ കാര്‍ട്ടണുകളുടെ എണ്ണം എന്നിവ സെലക്ട് ചെയ്ത് കാര്‍ട്ടില്‍ ഉള്‍പ്പെടുത്തി പണമടക്കുകയാണ് വേണ്ടത്.

പുതിയ സേവനം പ്രയാസം കൂടാതെയും മക്കയില്‍ പോകാതെയും എല്ലാവര്‍ക്കും എളുപ്പത്തില്‍ സംസം വെള്ളം ലഭ്യമാക്കുന്നതാണ്. സീല്‍ ചെയ്ത കാര്‍ട്ടണുകളില്‍ സംസം വെള്ളം വില്‍ക്കുന്നത് പുണ്യജലത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനും വഞ്ചനകളും കൃത്രിമങ്ങളും ചൂഷണങ്ങളും തടയാനും സഹായിക്കുന്ന പ്രധാന ചുവടുവെപ്പാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഔദ്യോഗിക വകുപ്പുകള്‍ അംഗീകരിച്ച, സാദാരണ വെള്ളവുമായി കൂട്ടിക്കലര്‍ത്തി കൃത്രിമം കാണിക്കുന്നത് തടയുന്ന നിലക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ യഥാര്‍ഥ ഉറവിടം ഉറപ്പാക്കുന്നു എന്നത് പുതിയ സേവനത്തിന്റെ ഏറ്റവും പ്രധാന നേട്ടമാണെന്ന് സഊദി പൗരൻ സൈഫ് അല്‍ഹര്‍ബി പറഞ്ഞു.

കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ ഗുണകരമായ ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് സംസം വെള്ളമെന്നും ഇത് പൊതുജനാരോഗ്യത്തിന് ഗുണം ചെയ്യുന്നതായും ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് അലി പറഞ്ഞു. മാലിന്യങ്ങള്‍ ഇല്ലാത്ത ഏറ്റവും ശുദ്ധമായ വെള്ളമാണ് സംസം. ഇതിന് ബാക്ടീരിയ വളര്‍ച്ചയെ ചെറുക്കാനുള്ള അതുല്യമായ കഴിവവുണ്ടെന്നും ഡോ. മുഹമ്മദ് അലി പറഞ്ഞു.