ടെഹ്‌റാൻ: ഇറാൻ ഇസ്റാഈൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണവ കേന്ദ്രങ്ങളുടെ സമീപത്തുനിന്ന് ഒഴിയണമെന്ന് ഇറാൻ പൗരന്മാർക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ ജനങ്ങൾ ആണവായുധ നിർമ്മാണ സൗകര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് ഇസ്റാഈൽ സൈന്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.
‘എല്ലാ ഇറാനിയൻ പൗരന്മാർക്കും അടിയന്തര മുന്നറിയിപ്പ്: സൈനിക ആയുധ നിർമാണ ഫാക്ടറികളിലും അവയുടെ സഹായ സ്ഥാപനങ്ങളിലുമുള്ള എല്ലാ വ്യക്തികളും ഉടൻ തന്നെ ഈ പ്രദേശങ്ങൾ വിട്ടുപോകണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരികെ പോകരുതെന്നും അറിയിക്കുന്നു.’ സൈന്യത്തിന്റെ ഫാർസി ഭാഷയിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിൽ പറയുന്നു.
ഇന്നലെ മധ്യ ഇസ്രായേലിലെ ജാഫയിലും തെൽ അവീവിലുമുണ്ടായ ഇറാന്റെ പ്രത്യാക്രമണത്തെ തുടർന്ന് രാജ്യത്തുടനീളം ഭീതിയുടെ അന്തരീക്ഷം രൂപപെട്ടുവെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും 35ലധികം പേരെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്.