തെഹ്റാൻ: ജൂൺ 13-ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമാവുകയാണ്. ഇതിനിടെ ഇസ്രയേലിന്റെ രണ്ട് എഫ്–35 വിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ മാധ്യമങ്ങൾ. ലോക്ക്ഹീഡ് മാർട്ടിൻ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധ വിമാനമാണ് വെടിവച്ചിട്ടതെന്നാണ് ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
യുഎസിന്റെ ഏറ്റവും നൂതനവും അഞ്ചാം തലമുറയിൽപ്പെട്ടതുമായ യുദ്ധവിമാനമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. ഇതിന്റെ വില 90 ദശലക്ഷം ഡോളറാണ് (ഏകദേശം 7 ബില്യൺ രൂപ). ഇസ്റാഈൽ ഇറാനിൽ ആക്രമണം തുടങ്ങിയതിന് ശേഷം രണ്ട് യുദ്ധവിമാനങ്ങൾ തകർത്തതായും ഒരു വനിത പൈലറ്റിനെ പിടികൂടിയതായും ഇറാന്റെ മാധ്യമ റിപോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇറാൻ സേന ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.
അതേസമയം, യുദ്ധ വിമാനം വെടിവച്ചിട്ടതായുള്ള ഇറാൻ മാധ്യമ വാർത്തകൾ ഇസ്രയേൽ നിഷേധിക്കുകയും ചെയ്തു. ഇസ്രായേൽ പ്രതിരോധ സേന പങ്കിട്ട വീഡിയോ പ്രകാരം, ഇറാനെ ആക്രമിക്കാൻ ഐഎഎഫ് സൈനികർ RAAM (F-15I), SOUFA (F-16I), ADIR (F-35I) എന്നിവയാണ് ഉപയോഗിക്കുന്നത്. ഇസ്രായേൽ ഈ യുദ്ധവിമാനങ്ങളെല്ലാം അമേരിക്കയിൽ നിന്നാണ് വാങ്ങിയത്.