റിയാദ്: വെയിൽ കനത്തത്തോടെ സഊദിയിൽ ഉച്ച വിശ്രമം പ്രാബല്യത്തിൽ വന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇന്ന് (ജൂൺ 15) മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തുറന്ന സ്ഥലങ്ങളിലെ ജോലികൾക്ക് നിരോധനം ഏർപ്പെടുത്തി.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തും സംയുക്തമായാണ് ഈ സുപ്രധാന തീരുമാനം നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. കടുത്ത വേനൽച്ചൂടിൽ സൂര്യരശ്മികൾ നേരിട്ടേൽക്കുന്നത് തൊഴിലാളികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ഈ അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനും, അന്താരാഷ്ട്ര തൊഴിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ഈ തീരുമാനം സഹായകമാകും. സൂര്യപ്രകാശം ഏൽക്കുന്നതിലൂടെയുണ്ടാകുന്ന തൊഴിൽപരമായ പരിക്കുകളും രോഗങ്ങളും കുറയ്ക്കുക എന്നതാണ് ഈ നിരോധനത്തിന്റെ പ്രധാന ലക്ഷ്യം.
തൊഴിലാളികൾക്ക് അപകടരഹിതമായ ഒരു തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും, പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ച സമയത്തെ ജോലി നിരോധനം ഉൾപ്പെടെ, ഈ തീരുമാനത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും നിയമ ലംഘനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.





