കാൻസർ ബാധിച്ച് അമ്മ മരിച്ചു; വിമാന അപകടത്തിൽ അച്ഛനും; ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് നഷ്ടമായത് അച്ഛനേയും അമ്മയേയും

0
135

അഹമ്മദാബാദ്: ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് നഷ്ടമായത് അച്ഛനേയും അമ്മയേയും. ഗുജറാത്ത് സ്വദേശിയും ബ്രിട്ടീഷ് പൗരനുമായ അര്‍ജുന്റേയും ഭാര്യ ഭാരതിയുടേയും മരണത്തോടെയാണ് എട്ടും നാലും വയസ് പ്രായമുള്ള അവരുടെ കുഞ്ഞുങ്ങള്‍ അനാഥരായത്.

ഇക്കഴിഞ്ഞ പന്ത്രണ്ടിന് അഹമ്മദാബാദില്‍ നടന്ന വിമാന അപകടത്തിലായിരുന്നു സൂറത്ത് സ്വദേശിയായ അര്‍ജുന്‍ (37) മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഭാരതി (35) മെയ് 26ന് കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. പതിനെട്ട് ദിവസങ്ങളുടെ ഇടവേളയിലാണ് എട്ട് വയസുകാരി റിയക്കും നാല് വയസുകാരി കിയക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടത്. നിലവില്‍ ലണ്ടനില്‍ അര്‍ജുന്റെ സഹോദരന്‍ ഗോപാലിന്റെ സംരക്ഷണത്തിലാണ് കുട്ടികള്‍.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ലണ്ടനില്‍ താമസിച്ചുവരികയായിരുന്നു അര്‍ജുനും ഭാര്യയും. 2023ലാണ് സഹോദരനും ഭാര്യയും ഇവര്‍ക്കടുത്തേയ്ക്ക് എത്തിയത്. തുടര്‍ന്ന് സഹോദരങ്ങൾ ചേര്‍ന്ന് ഫര്‍ണീച്ചര്‍ ബിസിനസ് ആരംഭിച്ചു. ഇതിനിടെയാണ് ഭാരതിക്ക് കാന്‍സര്‍ പിടിപെടുന്നത്. ചികിത്സയ്ക്കിടെ ഇക്കഴിഞ്ഞ മെയില്‍ ഭാരതി മരണപ്പെട്ടു. ഭാരതിയുടെ ചിതാഭസ്മം നര്‍മദാ നദിയില്‍ ഒഴുക്കുന്നതിനായായിരുന്നു അര്‍ജുന്‍ നാട്ടില്‍ എത്തിയത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നത്.

ദിവസങ്ങളുടെ ഇടവേളയിൽ മകനും മരുമകളും മരിച്ചതിൻ്റെ ആഘാതത്തിലാണ് അര്‍ജുന്റെ മാതാവ് 62കാരി കാഞ്ചന പട്ടോളിയ. കുഞ്ഞുമക്കളുടെ കാര്യത്തിലും അവർ ആശങ്കയിലാണ്. ഡിഎന്‍എ പരിശോധനയ്ക്കായി കാഞ്ചനയായിരുന്നു ആശുപത്രിയില്‍ എത്തിയത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം അര്‍ജുന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അർജുന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം കുട്ടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കാഞ്ചന പറയുന്നു. നിലവില്‍ ലണ്ടനിലെ സ്‌കൂളിലാണ് കുട്ടികള്‍ പഠിക്കുന്നത്. ആവശ്യമെങ്കില്‍ അവരുടെ പരിചരണത്തിനായി ലണ്ടനിലേക്ക് പോകും. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കാഞ്ചന പറഞ്ഞു.

അമറേലി സ്വദേശികളായിരുന്നു അര്‍ജുനും കുടുംബവും. ഇവര്‍ പിന്നീട് സൂറത്തിലേക്ക് താമസം മാറ്റുകയായിരുന്നു. പിതാവ് രമേശ് പട്ടോളിയ സൂറത്തില്‍ പലചരക്ക് കട നടത്തിവരികയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം മരിച്ചു. തുടര്‍ന്ന് കടയുടെ നടത്തിപ്പ് കാഞ്ചന ഏറ്റെടുക്കുകയായിരുന്നു. എട്ട് വര്‍ഷം മുന്‍പായിരുന്നു കച്ച് സ്വദേശിയായ ഭാരതിയെ അര്‍ജുന്‍ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഇരുവരും ലണ്ടനിലേക്ക് താമസം മാറ്റുകയായിരുന്നു.