മ്ലാവിറച്ചി കഴിച്ചെന്ന് ആരോപണം; പോത്തിറച്ചി കഴിച്ചതിന് രണ്ട് യുവാക്കളെ ജയിലിലിട്ടത് 35 ദിവസം

0
124

തൃശൂർ: പോത്തിറച്ചി കഴിച്ചതിന് രണ്ട് യുവാക്കൾ ജയിലിൽ കഴിഞ്ഞത് 35 ദിവസം. ചാലക്കുടി സ്വദേശികളായ ജോബിയെയും സുജീഷിനെയും ആണ് മ്ലാവിറച്ചി കഴിച്ചു എന്ന് ആരോപിച്ച് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇവർ കഴിച്ചത് മ്ലാവിറച്ചി അല്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ ആണ് മ്ലാവിറച്ചി കഴിച്ചു എന്ന് ആരോപിച്ച് ജോബിയും സുജീഷും ഉൾപ്പെടെ ആറു പേരെ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലാവിനെ വേട്ടയാടി, പാചകം ചെയ്തു തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസിൽ പ്രതികൾ ജയിൽവാസം അനുഭവിച്ചത് 35 ദിവസം. പിന്നീട് ഹൈക്കോടതിയിൽ എത്തിയാണ് ജാമ്യം നേടിയത്.

ഈ കേസിലാണ് ശാസ്ത്രീയ പരിശോധനയിൽ നിർണായക വിവരം പുറത്തുവന്നിരിക്കുന്നത്. പ്രതികൾ കഴിച്ചത് മ്ലാവിറച്ചി അല്ല കന്നുകാലി വിഭാഗത്തിൽപ്പെടുന്ന ഇറച്ചി ആണെന്നാണ് പരിശോധന ഫലം. പൊലീസും വനം വകുപ്പും മർദ്ദിച്ച് തെറ്റായ മൊഴി നൽകിപ്പിച്ചു എന്നാണ് ആരോപണം.

എഫ്ഐആർ റദ്ദാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതികളുടെ തീരുമാനം. എന്നാൽ കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് വനംവകുപ്പിന്റെ വിശദീകരണം.