ഇസ്റാഈൽ ആക്രമണത്തിന് മറുപടി നൽകി ഇറാൻ, കനത്ത ഡ്രോൺ ആക്രമണം; കയ്പേറിയ തിരിച്ചടി ലഭിക്കുമെന്ന് ഇറാൻ, അപലപിച്ച് സഊദി; പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കിൽ

0
1070

ടെഹ്റാൻ: മധ്യേഷ്യയിലെ യുദ്ധസമാന സാഹചര്യത്തിനിടെ ഇസ്റാഈലിനെതിരെ തിരിച്ചടി തുടങ്ങി ഇറാൻ. ഇസ്റാഈലിന്റെ ‘ഓപ്പറേഷൻ റൈസിങ് ലയണിന്’ മറുപടിയായി നൂറോളം ‍ഡ്രോണുകളാണ് ഇറാൻ ഇസ്രയേലിലേക്കു തൊടുത്തത്. ‌ഇറാനെതിരായ ആക്രമണങ്ങൾക്ക് ഇസ്രയേലിന് ‘കയ്പേറിയതും വേദനാജനകവുമായ’ മറുപടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച പുലർച്ചെയോടെ നടന്ന ഇസ്രയേൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും ഇറാൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആണവായുധ നിർമാണത്തിൽ ഇറാന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഐഡിഎഫ് വ്യക്തമാക്കി.

അതേസമയം ഇസ്രയേൽ ആക്രമണത്തിൽ ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവ് കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുക‌ളുണ്ട്. തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഒന്നിലധികം കേന്ദ്രങ്ങളിൽ ഇന്ന് പുലർച്ചെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. പിന്നാലെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.

അതിനിടെ ഇസ്രയേലിന്റെ ആക്രമണത്തിൽ തങ്ങളുടെ പ്രധാന എണ്ണ ശുദ്ധീകരണശാലകള്‍ക്കോ ഇന്ധന ഡിപ്പോകള്‍ക്കോ ഒന്നും സംഭവിച്ചിട്ടില്ലെന്നും രാജ്യവ്യാപകമായി എണ്ണക്കമ്പനികളുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ഇറാൻ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 50 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. പരുക്കേറ്റവരെ ടെഹ്‌റാനിലെ ചമ്രാൻ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു. ‘‘സഹോദര രാജ്യമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരായ ഇസ്രയേൽ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. ഇത് ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ദുർബലപ്പെടുത്തുകയും രാജ്യാന്തര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനവുമാണ്.’’ – വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.