ഷില്ലോങ്: മധുവിധുയാത്രയ്ക്കിടെ ഭര്‍ത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഭാര്യയെ കണ്ടെത്താന്‍ 120 അംഗ പോലീസ് സംഘമാണ് പ്രവര്‍ത്തിച്ചതെന്ന് മേഘാലയ പോലീസ്.
ഓപ്പറേഷന്‍ ഹണിമൂണ്‍ എന്നു പേരിട്ട ദൗത്യത്തിന് 20 അംഗ ഓഫീസര്‍മാരാണ് നേതൃത്വം നല്‍കിയത്. സോനം രഘുവംശി എന്ന 24-കാരിയാണ് ഭര്‍ത്താവ് ഇന്ദോര്‍ സ്വദേശി രാജ രഘുവംശിയെ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്.
യുവതി ഫോണിലൂടെ ‘ലൈവ് ലൊക്കേഷന്‍’ സുഹൃത്തിന് ഷെയര്‍ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സുഹൃത്ത് ഏര്‍പ്പാടാക്കിയ കൊലയാളികള്‍ ദമ്പതികള്‍ സഞ്ചരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയത് ഇതിലൂടെയാണ്. തുടര്‍ന്നാണ് കൊലനടത്തിയത്. സുഹൃത്തിനോടൊപ്പം ജീവിക്കുന്നതിനായാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നതിന് തെളിവുലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കൊലപാതകത്തിന് 16 ദിവസത്തിനുശേഷം യുപിയിലെ ഗാസിപുരില്‍നിന്നാണ് സോനം പോലീസിനു കീഴടങ്ങിയത്. സോനം കീഴടങ്ങുംമുന്‍പ് പ്രതി ഭാര്യയാണെന്നതിനെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു.
രാജ്, ആകാശ് രാജ്പുത്, വിശാല്‍ സിങ് ചൗഹാന്‍ എന്നിവരാണ് സോനത്തെ കൊലപാതകത്തിനു സഹായിച്ചത്. കൊലപാതകത്തിനുമുന്‍പ് മൂവര്‍ക്കുമൊപ്പം സോനത്തെ കണ്ടിരുന്നെന്നും പോലീസ് അറിയിച്ചു.