മൂവാറ്റുപുഴ: ഖത്തറിൽനിന്നു കെനിയയിലേക്കുള്ള വിനോദയാത്രയെക്കുറിച്ച് ആവേശത്തോടെയാണു നാട്ടിലെ ബന്ധുക്കളെ ജസ്ന വിളിച്ചറിയിച്ചത്. എന്നാൽ കെനിയയിലേക്കുള്ള വിനോദയാത്ര ജസ്നയുടെയും കുഞ്ഞിന്റെയും ജീവൻ എടുത്ത വാർത്തയാണു ജന്മനാടായ പേഴയ്ക്കാപ്പിള്ളിയിലേക്കു പിന്നാലെ എത്തിയത്.
പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ ജസ്ന (29) മകൾ റൂഹി മെഹ്റിൻ (ഒന്നര) എന്നിവരാണു കെനിയയിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെ ദുബായിൽനിന്നു ജസ്നയുടെ സഹോദരൻ ജസിം ആണ് ഇരുവരും കെനിയയിൽ അപകടത്തിൽ മരിച്ച വിവരം നാട്ടിൽ അറിയിച്ചത്. ബലിപെരുന്നാൾ ദിവസമാണ് എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേർന്ന ശേഷം ജസ്ന ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവിനും കുഞ്ഞിനുമൊപ്പം കെനിയയിലേക്കു വിനോദയാത്ര പുറപ്പെട്ടത്.
പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി കുറ്റിക്കാട്ടുചാലിൽ മക്കാരിന്റെയും ലൈലയുടെയും മൂന്നാമത്തെ മകളാണ് ജസ്ന. ഭർത്താവ് തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫയ്ക്കൊപ്പം ഖത്തറിലാണു ജസ്ന താമസിച്ചിരുന്നത്. സിഎ പഠനം പൂർത്തിയാക്കിയ ജസ്ന ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ജസ്നയുടെ മാതാപിതാക്കൾ സഹോദരൻ ജസീമിനൊപ്പം ദുബായിലാണു താമസിക്കുന്നത്. സഹോദരി ജാസ്മിനും കുടുംബസമേതം ദുബായിലാണ്. ജസ്നയുടെയും കുഞ്ഞിന്റെയും മൃതദേഹം വ്യാഴാഴ്ച നാട്ടിൽ എത്തിക്കുമെന്നാണ് അറിയാൻ കഴിയുന്നതെന്നു ബന്ധുക്കൾ പറഞ്ഞു.