കെനിയയിൽ അപകടത്തിൽ മരിച്ച ഖത്തറിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ അഞ്ച് പേരും മലയാളികൾ

0
1022

കെനിയയിൽ അപകടത്തിൽ മരിച്ച ഖത്തറിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ അഞ്ച് പേരും മലയാളികളെന്ന് സ്ഥിരീകരിച്ചു. പാലക്കാട് മണ്ണൂർ സ്വദേശി റിയ(41) മകൾ ടൈറ(7), ഗുരുവായൂർ തൈക്കടവ് ജസ്ന കുട്ടിക്കാട്ടുചാലിൽ, മകൾ റൂഹി മെഹ്റിൻ, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരണപ്പെട്ടത്. 27 പേരെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരണപ്പെട്ട റിയയുടെ ഭർത്താവ് ജോയൽ മകൻ ദ്രാവിഡ് എന്നിവർക്കും മരണപ്പെട്ട ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫക്കും പരിക്കേൽക്കുകയും ചെയ്തു. ഒരു ട്രാവൽ ഏജൻസിയുടെ നേത്രത്വത്തിൽ ഖത്തറിൽ നിന്നും ഇന്ത്യക്കാർ ഉൾപ്പെടെ 28 പേരടങ്ങുന്ന വിനോദയാത്രാ സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെനിയയിലേക്ക് യാത്ര തിരിച്ചത്.

മധ്യ കെനിയയിലെ ന്യൻദാരുവ കൗണ്ടിയിലെ ഗിചാകയിൽ തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. വിനോദയാത്രാ സംഘം സഞ്ചരിച്ച മിനി ബസ് മഴയിൽ റോഡിൽ നിന്ന് തെന്നി മരത്തിലിടിക്കുകയും താഴ്‌ചയിലേക്ക് തലകീഴായി മറിയുകയായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് കെനിയൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ബസ് പലതവണ ഉരുണ്ടുമറിഞ്ഞതായും റിപ്പോർട്ടുണ്ട്. 100 മീറ്ററോളം താഴ്ചയിലേക്ക് ബസ് മറിഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. അഞ്ച് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായി ന്യൻദാരുവ സെൻട്രൽ പൊലീസ് മേധാവി സ്റ്റെല്ല ചെറോനോ പറഞ്ഞു. അപകടത്തിൽപ്പെട്ടവരെ ന്യഹുരുരു കൗണ്ടി റഫറൽ ഹോസ്പിറ്റലിലേക്ക് മാറ്റി. തിങ്കളാഴ്ച മസായ് മാര നാഷനൽ പാർക്ക് സന്ദർശിച്ച ശേഷം ന്യഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകവെയാണ് അപകടം.