കൊച്ചി: മുന്നിൽ പോകുകയായിരുന്ന ലോറി പെട്ടെന്ന് ഇടതു ലെയ്നിലേക്ക് കയറിയതോടെ ഒന്നും ചെയ്യാനായില്ലെന്നും അതാണ് അപകടത്തിനു കാരണമെന്നും നടൻ ഷൈൻ ടോം ചാക്കോയുടെ വാഹനം ഓടിച്ചിരുന്ന സഹായി അനീഷ്.
വെള്ളിയാഴ്ച രാവിലെ ഉണ്ടായ കാർ അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരിക്കുകയും കുടുംബാംഗങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഷൈനിന്റെ ചികിത്സാർഥം വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഇവർ കൊച്ചിയിൽനിന്നു ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. കാറിൽ ഡ്രൈവർ സീറ്റിനു പിന്നിലായാണ് ഷൈനിന്റെ പിതാവ് ഇരുന്നിരുന്നത്.
സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല. കാർ ഇടിച്ചതോടെ മുന്നിലെ സീറ്റിൽ തല വന്നിടിച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. വിദേശത്തുള്ള പെൺമക്കൾ കൂടി എത്തിയ ശേഷമാകും സംസ്കാരമെന്നാണ് വിവരം
പുതുതായി നിർമിച്ച ദേശീയപാത 844ലൂടെയായിരുന്നു ഷൈനിന്റെയും കുടുംബത്തിന്റേയും യാത്ര. ധർമപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗപാതയാണിത്. രാവിെല ആയതിനാൽ തിരക്ക് കുറവായിരുന്നെന്നും 60–80 കിലോമീറ്റർ സ്പീഡിലാണ് വാഹനങ്ങൾ പോയിരുന്നതെന്നും അനീഷ് പറഞ്ഞു.
പാലക്കോട്ട് എത്തിയതോടെ മുന്നിൽ വലതുവശത്തു കൂടി പോകുകയായിരുന്ന ലോറി മുന്നറിയിപ്പില്ലാതെ ഇടതു ലെയ്നിലേക്ക് കയറി. പൊടുന്നനെ ലോറി കയറിയതു കണ്ടതും ചവിട്ടിയെന്നും എന്നാൽ കാർ നിന്നില്ലെന്ന് അനീഷ് പറഞ്ഞു. കാർ ലോറിക്കു പിന്നിൽ ഇടിച്ച് റോഡിലൂടെ ഉരസി വലതു വശത്തു പോയാണ് നിന്നത്.
അപകടം ഉണ്ടായ ശേഷം ലോറി നിർത്തിയോ പോയോ എന്നൊന്നും നോക്കാൻ പറ്റിയില്ല. എല്ലാവർക്കും പരുക്കേറ്റ അവസ്ഥയിലായിരുന്നു. അതുവഴി വന്ന രണ്ടു മലയാളി യുവാക്കളാണ് അവരുടെ കാറിൽ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ചാക്കോയ്ക്ക് ജീവനുണ്ടായിരുന്നെന്നും എന്നാൽ വൈകാതെ മരിച്ചെന്നും അനീഷ് പറഞ്ഞു.





