മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ലീഗ് അവകാശ വാദം ഉന്നയിക്കുമോയെന്ന ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ടെന്നും ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നില്ല എന്നുമായിരുന്നു പ്രതികരണം.
ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്. സി എച്ച് മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നില്ല. എന്നാൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ സ്ഥാനം ആവശ്യപ്പെടുമോ എന്ന് പറയാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന ആരോപണം പരിശോധിക്കുമെന്നും മുനവറലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ലീഗിൻ്റെ സ്ഥാനാർത്ഥികൾ മതം പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി എന്ന് വിശ്വസിക്കുന്നില്ലെന്നും എല്ലാ വോട്ടുകളും യുഡിഎഫിന് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നല്കാന് ഡീൽ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്നും ആയിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.
രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയിലെ കാര്യം നോക്കട്ടെ. ഇങ്ങോട്ട് രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാം. എന്താണ് രാജീവ് ചന്ദ്രശേഖറിൻ്റെ രാഷ്ട്രീയ പാരമ്പര്യം എന്ന് ചോദിച്ച അദ്ദേഹം കേരളത്തിലേക്ക് നൂലിൽ കെട്ടി ഇറക്കിയത് അല്ലേ എന്നും പരിഹസിച്ചു.
….





