പരസ്പര സമ്മതത്തോടെയുള്ള ബന്ധം; ജീവനൊടുക്കിയ ദിവസവും വഴക്കിട്ടു

0
1060

തിരുവനന്തപുരം/ നെടുമ്പാശേരി: ഐബി ഉദ്യോഗസ്ഥയും താനും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും അവർ ജീവനൊടുക്കിയ ദിവസവും  തമ്മിൽ വഴക്കിട്ടിരുന്നുവെന്നും ചോദ്യംചെയ്യലിൽ സുകാന്ത് പൊലീസിനോടു വെളിപ്പെടുത്തി. യുവതിയുമായി  ഇടയ്ക്കിടെ വഴക്കുണ്ടാക്കുമായിരുന്നെങ്കിലും പിന്നീട് അവ പരിഹരിക്കുമായിരുന്നു.  എന്നാൽ ജീവനൊടുക്കിയതിന്റെ കാരണം തനിക്കറിയില്ലെന്ന നിലപാടിലാണ് പ്രതി.

കഴിഞ്ഞ ദിവസം പേട്ട പൊലീസ് കസ്റ്റഡിയിലെടുത്ത സുകാന്തിനെ യുവതിയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റിലും നെടുമ്പാശേരിയിൽ ഇയാളുടെ ഫ്ലാറ്റിലുമെത്തിച്ച് തെളിവെടുത്തു.

നെടുമ്പാശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായിരുന്ന സുകാന്ത് യുവതിയെ തന്റെ താമസസ്ഥലത്ത് എത്തിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡി കാലാവധി തീരുന്ന ഇന്ന് പ്രതിയെ തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പിനായി  പിന്നീട് വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണു പൊലീസ് നീക്കം.