മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് പാണക്കാട് കുടുംബം. പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാത്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സമീപകാല ചരിത്രത്തിലാദ്യമാണ്.
മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയതിനാല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പകരം പങ്കെടുക്കേണ്ട, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ജില്ലയില്‍ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനിലേക്കെത്തിയില്ല. അതേ സമയം ജില്ലയിലെ മറ്റ് പരിപാടികളില്‍ അബ്ബാസലി തങ്ങള്‍ പങ്കെടുത്തു.
അബ്ബാസലി തങ്ങളെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ലീഗ് വൃത്തങ്ങളില്‍ ആക്ഷേപമുണ്ട്. അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ ക്ഷണിച്ചതെന്ന് അവര്‍ പറഞ്ഞു. ഇതോടെയാണ് അബ്ബാസലി തങ്ങള്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തത്. അതേ സമയം നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളത് കൊണ്ടാണ് അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം.





