റഷ്യന്‍ വ്യോമതാവളത്തില്‍ വന്‍ ഡ്രോണാക്രമണം; 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രൈന്‍

0
802

മോസ്‌ക്കോ: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രൈന്റെ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രൈന്‍ കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു. ഞായറാഴ്ച യുക്രൈനിലെ സൈനിക പരിശീലനകേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുക്രൈന്‍ ഡ്രോണാക്രമണം നടത്തുന്നത്.

റഷ്യയുടെ ആക്രമണത്തില്‍ 12 പേര്‍ മരിക്കുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങളെ യുക്രൈന്‍ ആക്രമിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രൈനിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ചിട്ടുള്ള ടിയു-95, ടിയു-22 സ്ട്രാറ്റെജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് യുക്രൈന്‍ സുരക്ഷാ ഏജന്‍സികള്‍ അവകാശപ്പെടുന്നത്.

അതേസമയം യുക്രൈന്റെ ഡ്രോണാക്രമണം റഷ്യയിലെ ഗവര്‍ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒലെന്യ വ്യോമതാവളത്തിന് സമീപം സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായും കനത്ത പുക ഉയരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ് ഒലെന്യയിലേത്. ബെലായ വ്യോമതാവളവും ആക്രമിക്കപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യക്കുനേരെ യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിലൊന്നാണിത്.

ആക്രമണം നടത്താന്‍ യുക്രൈന്‍ മാസങ്ങളോളം ആസൂത്രണം നടത്തിയതായും പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയാണ് ഇതിന്റെ മേല്‍നോട്ടം വഹിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകർത്തതായാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. യുക്രൈന്റെ ആക്രമണം റഷ്യ സ്ഥിരീകരിച്ചിട്ടുമുണ്ട്.

റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളടക്കം തകര്‍ത്തതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യുക്രൈനിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ചിട്ടുള്ള ടിയു-95, ടിയു-22 സ്ട്രാറ്റെജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് യുക്രൈന്‍ സുരക്ഷാ ഏജന്‍സികളുടെ അവകാശവാദം. ടിയു-22 എം3 ക്ക് 40 മില്ല്യണ്‍ ഡോളറും ടിയു-95 വിമാനത്തിന് 30 മില്ല്യണ്‍ ഡോളറുമാണ് വില. അതേസമയം വിമാനങ്ങളെ കൂടാതെ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും യുക്രൈന്‍ തകര്‍ത്തതായും വിവരമുണ്ട്. റഷ്യന്‍ വ്യോമപ്രതിരോധത്തിലെ നിര്‍ണായകശക്തിയാണ് എ-50 പോലുള്ള ഈ സംവിധാനങ്ങള്‍. ഏകദേശം 350 മില്ല്യൺ ഡോളര്‍ ചെലവുവരുന്നതാണിത്. ഇതടക്കം തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് റഷ്യക്ക് കനത്ത നാശനഷ്ടം വിതച്ചിട്ടുണ്ടെന്നുറപ്പാണെന്ന് വിദഗ്ദർ പറയുന്നു. അതേസമയം യുക്രൈന്റെ ഡ്രോണാക്രമണം സ്ഥിരീകരിച്ച റഷ്യ ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും അറിയിച്ചിട്ടുണ്ട്.