ജൂൺ 16ന് വിവാഹം നടക്കേണ്ട വീട്ടിൽ ചേതനയറ്റ് അഖിലെത്തി, ടീനയില്ലാതെ; സങ്കടക്കടലായി നാട്

0
1375

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച വയനാട് അമ്പലവയൽ സ്വദേശി അഖിലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. രണ്ടാഴ്ചക്കിപ്പുറം അഖിലിന്റെ വിവാഹം നടക്കേണ്ട വീടും പരിസരവും അക്ഷരാർഥത്തിൽ സങ്കടക്കടലിലായി. ഏപ്രിൽ രണ്ടിനാണ് അഖിലും പ്രതിശ്രുത വധു ടീനയും സൗദിയിൽ വാഹനാപകടത്തിൽ മരിച്ചത്. അവധി ദിവസങ്ങളും മറ്റ് നടപടി ക്രമങ്ങൾ മൂലവും മൃതദേഹം വിട്ട് കിട്ടുന്നത് രണ്ട് മാസത്തോളം വൈകിപ്പിച്ചു. പത്തു ദിവസത്തിനുള്ളിൽ ടീനയുടെ മൃതദേഹവും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

കല്യാണം കഴിഞ്ഞ് ടീനയെയും കൂട്ടി അമ്പലവയൽ ഇളയിടത്ത് മഠത്തിലെ വീട്ടിൽ ഒരുമിച്ചെത്തേണ്ട അഖിൽ ഇന്നലെ എത്തിയത് തനിച്ചായിരുന്നു. യുകെയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അഖിൽ അലക്സിന്റെയും സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്ന വയനാട് നടവയൽ സ്വദേശി ടീനയുടെയും വിവാഹം നിശ്ചയിച്ചിരുന്നത് ജൂൺ 16 നാണ്. അപകടത്തിന് രണ്ടാഴ്ച മുമ്പ് ടീന നാട്ടിൽ വന്നിരുന്നു. തുടർന്ന് സൗദിയിലെത്തി ജോലി രാജിവച്ച് നാട്ടിലേക്ക് തിരിച്ച് വരാൻ നിക്കുമ്പോഴാണ് ദാരുണമായ അപകടം.

സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം അഖിലും ടീനയും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറുകൾ കത്തിയതോടെ ഇരുവരുടെയും മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധമാണ് ലഭിച്ചത്. രാത്രിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച അഖിലിൻ്റെ മൃതദേഹം രാവിലെ പത്തരയോടെ വീട്ടിലെത്തിച്ചു. ഉച്ചയോടെ സെന്റ് മാർട്ടിൻ ചർച്ചിൽ അടക്കം ചെയ്തു.

രണ്ട് വർഷമായി സൗദിയിൽ കാർഡിയാക് സെന്ററിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ടീന. യുകെയിൽ നാല് വർഷത്തോളമായി എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു അഖിൽ. കല്യാണത്തിന് ശേഷം യുകെയിലേക്ക് പോകാനായിരുന്നു ഇരുവരുടെയും തീരുമാനം. നടപടികൾ പൂർത്തിയാക്കി പത്തു ദിവസത്തിനുള്ളിൽ ടീനയുടെ മൃതദേഹവും വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷ.