നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മോഹൻ ജോർജ് (62) മത്സരിക്കും. മഞ്ചേരി കോടതിയിലെ അഭിഭാഷകനാണ്. ചുങ്കത്തറ സ്വദേശിയായ അദ്ദേഹം കേരള കോൺഗ്രസ് പ്രവർത്തകനും നേതാവുമായിരുന്നു. നിലമ്പൂർ, മഞ്ചേരി കോടതികളിൽ അഭിഭാഷകൻ. മാർത്തോമ സഭ കൗൺസിൽ മെംബറാണ്.
നിലമ്പൂരിൽ മത്സരിക്കാൻ ബിഡിജെഎസിൽ ബിജെപി സമ്മർദം ചെലുത്തിയിരുന്നു. ബിജെപി മത്സരിച്ചാൽ തദ്ദേശതിരഞ്ഞെടുപ്പിന് പാർട്ടി തുടങ്ങിവച്ച തയാറെടുപ്പുകളെ ബാധിക്കുമെന്നും അതിനാൽ ബിഡിജെഎസ് തന്നെ ആ ദൗത്യം ഏറ്റെടുക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടത്. പിന്നീട് ചർച്ചകൾക്കുശേഷം സ്ഥാനാർഥിയെ നിർത്താൻ ബിജെപി തീരുമാനിക്കുകയായിരുന്നു. ജൂൺ 19നാണ് നിലമ്പൂരിൽ തിരഞ്ഞെടുപ്പ്.
അൻവർ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ശക്തമായ മത്സരം നടക്കുമെന്ന് മോഹൻ ജോർജ് പറഞ്ഞു. ‘‘ബിജെപിയിൽ അംഗത്വം എടുക്കും. ബിജെപിക്കായി പ്രവർത്തിക്കും. കേരള കോൺഗ്രസിന് ശക്തിയില്ല. ബിജെപി ശക്തിയുള്ള പാർട്ടിയാണ്. ഉറുമ്പിന്റെ തലയായിരിക്കുന്നതിനേക്കാൾ നല്ലത് ആനയുടെ വാലായിരിക്കുന്നതാണ്. ബിജെപി നേതൃത്വം മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടു പ്രതീക്ഷിക്കുന്നു’’– മോഹൻ ജോർജ് പറഞ്ഞു.
