72-ാമത് ലോക സുന്ദരി മത്സരം ഇന്ന് ഹൈദരാബാദിൽ. 2025ലെ ലോക സുന്ദരി ആരാണെന്നുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രമ ആയുസ്സ്. 108 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ മാറ്റുരക്കുന്നതിന് ഹൈദരാബാദിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്റർ സാക്ഷിയാകും.
ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6:30 നാണ് മിസ് വേൾഡ് മത്സരത്തിന്റെ ഫിനാലെ നടക്കുന്നത്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ലോക സുന്ദരി പട്ടത്തിനായി മാറ്റുരക്കുന്ന നന്ദിനി ഗുപ്തയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രാജസ്ഥാൻ സ്വദേശിനിയായ 21 കാരി നന്ദിനി ഗുപ്ത മിസ് രാജസ്ഥാൻ ആയതിന് ശേഷം 2023ൽ മിസ് ഇന്ത്യയുമായിരുന്നു.
അതേസമയം, തെലങ്കാന ആതിഥേയത്വം വഹിക്കുന്ന മിസ് വേൾഡി മത്സരം വിവാദങ്ങളുടെ വിള നിലമായിരുന്നു. മത്സരത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിന്ന പരിപാടികളായിരുന്നു തെലങ്കാനയിൽ സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി തെലങ്കാനയിലെ പ്രസിദ്ധമായ രാമപ്പക്ഷേത്രം സന്ദർശിക്കുന്നതിനിടെ സ്ത്രീകൾ മത്സരാർഥികളുടെ കാല് കഴുകുന്ന വീഡിയോ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
മിസ് ഇംഗ്ലണ്ട് മില്ല മാഗി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനുശേഷം മത്സരത്തിൽ നിന്ന് പിന്മാറിയതും വിവാദം സൃഷ്ടിച്ചിരുന്നു. പരിപാടിയുടെ പ്രായോജകരായ സമ്പന്നരായ മധ്യവയസ്കരായ പുരുഷന്മാരോട് ഇടപഴകാൻ സംഘാടകർ നിർബന്ധിച്ചതായും. വിശ്രമം പോലും അനുവദിക്കാതെ വിനോദപരിപാടികളിൽ പങ്കെടുപ്പിച്ചെന്നുമായിരുന്നു മിസ് ഇംഗ്ലണ്ടിന്റെ ആരോപണം.





