ക്ലാസിൽ പിറന്നാൾ മധുരവിതരണം നടത്തി, പിന്നാലെ ഹോസ്റ്റലിലെത്തിയ 19കാരി തൂങ്ങിമരിച്ചു

0
688

ഇരിട്ടി (കണ്ണൂർ): കർണാടകയിലെ കുടക് ജില്ലയിലെ ഹള്ളിഗട്ടിലെ സിഇടി കോളജിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ എഐഎംഎൽ (ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീന്‍ ലേണിങ്) വിദ്യാർഥിനിയായ ജസ്വിനി (19) ആണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ തോറ്റതാണ് കാരണം. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. 

മൂന്നു ദിവസം മുൻപ് ജസ്വിനി സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്ലാസിൽ എത്തി സുഹൃത്തുക്കൾക്ക് മധുരവും വിതരണം ചെയ്തിരുന്നു.  വൈകിട്ട് 4 മണിക്ക് തിരിച്ച് ഹോസ്റ്റലിൽ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. 4.30ന് സഹപാഠി എത്തിയപ്പോൾ വാതിൽ ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. കതകിൽ തട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിക്കുള്ളിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 


പൊന്നംപേട്ടെ പൊലീസ് സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. പരീക്ഷയിൽ ആറോളം വിഷയങ്ങളിൽ പരാജയപ്പെട്ടതാണ് ആത്മഹത്യയ്‌ക്ക് കാരണം എന്നാണ് കുറിപ്പിൽ പറയുന്നത്. റായ്ച്ചൂർ നിവാസിയായ മഹന്തപ്പയുടെ ഏക മകളാണ് ജസ്വിനി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)