5 വയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

0
1512

ഉത്തര്‍പ്രദേശിയെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു. കുട്ടിയുടെ അയല്‍ക്കാരന്‍ കൂടിയായ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഈ മാസം 18നായിരുന്നു സംഭവം.

വീടിന് സമീപത്തെ ക്ഷേത്രത്തിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതിയായ പവിത്ര ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശിയെ കണ്ട് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ ഇവരെ തള്ളിമാറ്റുകയും ചെയ്തു. ഇതോടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതി മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്ന് പറഞ്ഞ് വിട്ടയച്ചിരുന്നു. പിന്നാലെ നടപടി വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ വീണ്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.