മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പരിഗണനയില്‍. ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നാണ് വിവരം.
ജനകീയത കണക്കിലെടുത്താണ് ഷിനാസിനെ മത്സരിപ്പിക്കാനുള്ള സിപിഐഎം നീക്കം. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ് ഷിനാസ്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ഷാനവാസിന്റെ സഹോദരന്‍ കൂടിയാണ് ഷിനാസ്
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനായ സ്വതന്ത്രനെ പരിഗണിക്കണമെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളിലുള്ളത്. ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം യു ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ, മാര്‍ത്തോമ കോളേജ് മുന്‍ പ്രിന്‍സിപ്പള്‍ പ്രൊ. തോമസ് മാത്യൂ എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ നാളെ സെക്രട്ടറിയേറ്റ് ചേരാനിരിക്കെ ഷിനാസ് ബാബുവിന്റെ പേരിലേക്ക് അന്തിമമായി എത്തിയെന്നാണ് സൂചന.





