ഏറ്റവും കൂടുതൽ കേസുകൾ അഞ്ച് ജില്ലകളിൽ, മരണം റിപ്പോർട്ട് ചെയ്തത് രണ്ട് ജില്ലകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നു. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചതായും മന്ത്രി സ്ഥിരീകരിച്ചു. അതേസമയം, കോവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനതല യോഗങ്ങൾ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രായമായവരും രോഗമുള്ളവരും പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗതം ഉപയോഗിക്കുന്നവരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. ആശുപത്രികളിലേക്ക് അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
519 രോഗബാധിതർ
സംസ്ഥാനത്ത 519 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്ത് നിലവിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോഗ ബാധിതരേറയും ഉള്ളത്.സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്.കേരളം കഴിഞ്ഞാൽ, ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 209പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഡൽഹി (104),ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കോവിഡ് ചികിത്സയ്ക്കുള്ള സജ്ജീകരണമുണ്ട്. ലാബുകളിലുൾപ്പെടെ ആർ.ടി.പി.സി.ആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ വ്യാപകമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതില്ല. നിലവിൽ 519 കേസുകളാണുള്ളത്. കൂടുതൽ ടെസ്റ്റ് ചെയ്യുന്നതു കൊണ്ടാണ് കൂടുതൽ കേസുകൾ അറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഗോള തലത്തിൽ കോവിഡ് കേസുകളിൽ വർധനവ് കണ്ടപ്പോൾ തന്നെ സംസ്ഥാന തലത്തിൽ കാര്യങ്ങൾ ഏകോപിപ്പിച്ച്് തുടങ്ങിയെന്നും മന്ത്രി പറഞ്ഞു





