കട്ടപ്പന: സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റിൽ കുടുങ്ങി സ്വർണക്കടയുടമയ്ക്ക് ദാരുണാന്ത്യം. കട്ടപ്പന നഗരത്തിൽ പുളിയൻമല റോഡിൽ പ്രവർത്തിക്കുന്ന പവിത്ര ഗോൾഡ് മാനേജിങ് പാർട്ണർ സണ്ണി ഫ്രാൻസിസ് (പവിത്ര സണ്ണി-65)ആണ് മരിച്ചത്. തകരാറിലായ ലിഫ്റ്റ് നിയന്ത്രണമില്ലാതെ മുകൾനിലയിലേക്കുപോയി ഇടിക്കുകയായിരുന്നു. ലിഫ്റ്റിൽ കുടുങ്ങിയ സണ്ണിയുടെ തലയ്ക്കുൾപ്പെടെ മാരകമായി മുറിവേറ്റു. രണ്ടുമണിക്കൂറാണ് സണ്ണി ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് സംഭവം. സണ്ണി കയറിയ ലിഫ്റ്റ് വൈദ്യുതി നിലച്ചതിനെത്തുടർന്ന് ഓഫാകുകയും പിന്നീട് നിയന്ത്രണമില്ലാതെ കെട്ടിടത്തിന്റെ മുകളിലേക്കുപോയി അഞ്ചാംനിലയിൽ ഇടിച്ചുനിൽക്കുകയുമായിരുന്നുവെന്നാണ് സ്ഥാപന അധികൃതർ നൽകുന്ന വിവരം.
പിന്നീട് ലിഫ്റ്റ് തുറക്കാൻ കടയിലെ ജീവനക്കാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കട്ടപ്പന അഗ്‌നിരക്ഷാസേനയെത്തിയാണ് ലിഫ്റ്റ് വെട്ടിപ്പൊളിച്ച് തുറന്നത്. അപ്പോഴേക്കും സണ്ണി ലിഫ്റ്റിനുള്ളിൽപ്പെട്ടിട്ട് രണ്ടുമണിക്കൂർ കഴിഞ്ഞിരുന്നു.
തലയിൽ ഗുരുതരമായും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ നിലയിലായിരുന്നു സണ്ണി. ലിഫ്റ്റിൽ രക്തം തളംകെട്ടിനിന്നിരുന്നു. അതേസമയം വൈദ്യുതി മുടങ്ങിയപ്പോൾ ലിഫ്റ്റിനുള്ളിൽ അകപ്പെട്ട സണ്ണി സ്വർണക്കടയിലെ ജീവനക്കാരെ ഫോണിൽ വിളിക്കുകയും അവർ ലിഫ്റ്റ് ടെക്നീഷ്യനെ ബന്ധപ്പെട്ട് തകരാർ പരിഹരിക്കുന്നതിനിടെ ലിഫ്റ്റ് മുകളിലേക്ക് പോയതാണെന്നും പോലീസിന് മൊഴിലഭിച്ചതായാണ് സൂചന.
കട്ടപ്പന പവിത്ര ഗോൾഡ്, തേനി പവിത്ര ജൂവലറി എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് പാർട്ണർ ആണ്. ഭാര്യ: ഷിജി. മക്കൾ: സനൽ, സ്നേഹ, സാന്ദ്ര, സനു. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് കട്ടപ്പന സെയ്ന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





