ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ കൊലപ്പെടുത്തിയെന്ന് ഇസ്‌റാഈല്‍ അവകാശവാദം

0
331

സ്ഥിരീകരിക്കാതെ ഹമാസ്‌

ഗസ്സ: ഗസ്സയില്‍ ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ അധിനിവേശ സൈന്യം വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് അവകാശവാദം. ഇസ്‌റാഈല്‍ തന്നെയാണ് ഇക്കാര്യം അവകാശപ്പെട്ടത്. ഇസ്‌റാഈലിന്റെ ഭീകരപ്പട്ടികയിലെ ഒന്നാമനാണ് നിലവിലെ ഹമാസ് തലവനായ മുഹമ്മദ് സിന്‍വാര്‍.

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവാണ് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. നേരത്തേ ഇദ്ദേഹത്തിന്റെ സഹോദരന്‍ യഹിയ സിന്‍വാറിനെയും ഇസ്‌റാഈല്‍ കൊലപ്പെടുത്തിയിരുന്നു.

ഈ മാസം 13നുണ്ടായ വ്യോമാക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പാര്‍ലിമെന്റിലാണ് അവകാശപ്പെട്ടത്. യുദ്ധത്തില്‍ ഇസ്രാഈല്‍ കൊലപ്പെടുത്തിയ ഹമാസ് നേതാക്കളുടെ പട്ടികയില്‍ സിന്‍വാറിനെയും ഇസ്‌റാഈല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തേ സിന്‍വാറിന്റെ മൃതദേഹം കണ്ടെടുത്തതായി വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതില്‍ ഐ ഡി എഫ് വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സിന്‍വാറിന്റെ മരണം ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഇസ്‌റാഈല്‍ ഫലസ്തീനില്‍ ആക്രമണം രൂക്ഷമാക്കി. ഭക്ഷ്യ വിതരണ കേന്ദ്രത്തില്‍ തിരക്കുണ്ടായതിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു.