പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മഠാധിപതി അറസ്റ്റില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മഠാധിപതി അറസ്റ്റില്‍. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് ബെലഗാവിയിലെ റായ്ബാഗ് താലൂക്കിലെ രാമമന്ദിര്‍ മഠത്തിന്റെ തലവനായ ഹതയോഗി ലോകേശ്വര്‍ സ്വാമി അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പൊലീസ് പറയുന്നതനുസരിച്ച്, പെണ്‍കുട്ടിയെ ആദ്യമായി മഠത്തിലേക്ക് കൊണ്ടുപോയത് മാതാപിതാക്കളാണ്. അസുഖം ഭേദപ്പെടുത്തുമെന്നും ആത്മീയമാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞതനുസരിച്ചാണ് പെണ്‍കുട്ടിയും കുടുംബവും മഠത്തിലെത്തിയത്. പിന്നീട് മെയ് 13-ന് ബന്ധുവിന്റെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് റായ്ച്ചൂരിലെയും ബാഗല്‍കോട്ടിലെയും ലോഡ്ജുകളിലെത്തിച്ച് ഇയാള്‍ പലതവണ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി ആരോപിക്കുന്നു.

മെയ് 15-ന് പെണ്‍കുട്ടിയെ ഇയാള്‍ മഹാലിംഗ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി പിതാവിനോട് നടന്ന സംഭവങ്ങള്‍ പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.