തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. രണ്ടുദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചനം. അടുത്ത ഏഴുദിവസം വ്യാപകമഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകി. കോഴിക്കോട്, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.
മഴ കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. കാസർകോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ബീച്ചുകളും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്.
കോഴിക്കോട്ടെ നദീ തീരങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്കും ചുരം മേഖലയിലേക്കും രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിലെ ജലാശയങ്ങളിലേ ജലവിനോദങ്ങൾ നിർത്തിവെച്ചു.ക്വാറികളുടെ പ്രവർത്തനം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിർത്തിവക്കണമെന്നും അറിയിപ്പുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ-ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഇന്ന് രാത്രി 8.30 മുതൽ ഞായറാഴ്ച രാത്രി 8.30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂർ-കാസറഗോഡ് (വളപട്ടണം മുതൽ ന്യൂമാഹി വരെ & കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.