ദോഹ: ഡിസംബറിൽ ദോഹയിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ടൂർണമെന്റിലെ ജേതാക്കൾക്ക് റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഖത്തർ-36.5 മില്യൻ യുഎസ് ഡോളർ ആണ് മൊത്തം സമ്മാനത്തുക. 31,16,97,80,498 ഇന്ത്യൻ രൂപവരുമിത്. ആഗോളതലത്തിൽ ഏറ്റവും മൂല്യമേറിയ രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായി ഫിഫ അറബ് കപ്പിനെ ഉയർത്തുന്നതാണ് പുതിയ പ്രഖ്യാപനം.
മേഖലയിലും ആഗോള തലത്തിലുമുള്ള ഫുട്ബോളിന്റെ വികസനത്തിൽ ഖത്തർ വഹിക്കുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പ്രഖ്യാപനമെന്ന് ഖത്തർ കായിക, യുവജന മന്ത്രിയും ഫിഫ അറബ് കപ്പ് പ്രാദേശിക സംഘാടക സമിതി ചെയർമാനുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി പറഞ്ഞു.ഡിസംബർ 1 മുതൽ 18 വരെ ഖത്തറിന്റെ വിവിധ സ്റ്റേഡിയങ്ങളിലായാണ് ഫിഫ അറബ് കപ്പ് നടക്കുന്നത്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നാണ് ഫൈനൽ.
ഈ മാസം 15ന് ദോഹയിലാണ് ടീമുകളുടെ അന്തിമ നറുക്കെടുപ്പ് നടക്കുന്നത്. നവംബറിൽ ഫിഫ അണ്ടർ 17 ലോകകപ്പിനും ഖത്തർ ആണ് വേദിയാകുന്നത്. 2022 ഫിഫ ലോകകപ്പ്, 2023 എഎഫ്സി ഏഷ്യൻ കപ്പ്, 2024 എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് , ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് തുടങ്ങി രാജ്യാന്തര കായിക ടൂർണമെന്റുകൾക്ക് വേദിയൊരുക്കി ലോക കായിക ഭൂപടത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി ഖത്തർ മാറികഴിഞ്ഞു.
