ഒക്‌സ്‌ഫോര്‍ഡ്: ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍നിന്നും സ്വര്‍ണ ടോയ്‌ലെറ്റ് മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ കോടീശ്വരനെ കുറ്റവിമുക്തനാക്കി കോടതി. ഇംഗ്ലണ്ടിലെ ബെര്‍ക്ക്‌ഷെയറിലെ വിങ്ക്ഫീല്‍ഡ് സ്വദേശിയായ ഫ്രെഡ് ഡോ ആണ് രണ്ടുവര്‍ഷത്തെ ജയില്‍വാസത്തില്‍നിന്നും രക്ഷപ്പെട്ടത്. മോഷ്ടാക്കള്‍ ഫ്രെഡിനെ കേസില്‍ പെടുത്തുകയായിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. ഒക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ഫ്രെഡ് ഡോയുടെ ശിക്ഷ റദ്ദാക്കിയത്.
ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗറിസിയോ കറ്റേലന്‍ ആണ് ‘അമേരിക്ക’ എന്ന് പേരുള്ള ഈ 18-ാം ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ടോയ്‌ലെറ്റിന്റെ സ്രഷ്ടാവ്. പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സ്വര്‍ണ ടോയ്‌ലെറ്റ് ഒക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ സ്ഥാപിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയിലെ സോളമന്‍ ആര്‍. ഗഗ്ഗന്‍ഹെയിം മ്യൂസിയത്തിനായി 2016-ലാണ് ഈ സ്വര്‍ണ ടോയ്‌ലെറ്റ് നിര്‍മിക്കപ്പെട്ടത്.
മ്യൂസിയത്തിലെ സന്ദര്‍ശകര്‍ക്കായുള്ള ശൗചാലയത്തിലാണ് സ്വര്‍ണ ടോയ്‌ലെറ്റും സ്ഥാപിക്കപ്പെട്ടിരുന്നത്. ഇത് സ്ഥാപിച്ചിരുന്ന ക്യാബിന് പുറത്ത് പ്രത്യേകം സുരക്ഷാജീവനക്കാരെയും നിയമിച്ചിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളാണ് സ്വര്‍ണ ടോയ്‌ലെറ്റില്‍ പോകാനായി വരിനിന്നിരുന്നതെന്ന് മ്യൂസിയം അധികൃതര്‍ പറയുന്നു. 103 കിലോ തൂക്കംവരുന്ന ടോയ്‌ലെറ്റിന് അത് മോഷ്ടിക്കപ്പെട്ട സമയത്ത് നാലുമില്യണ്‍ ഡോളറായിരുന്നു മൂല്യം.
2019 സെപ്റ്റംബറിലാണ് മോഷ്ടിച്ച കാറുകളില്‍ എത്തിയ അഞ്ചുപേര്‍ ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ അതിക്രമിച്ചുകയറി പ്രദര്‍ശനത്തിന് വെച്ചിരുന്ന സ്വര്‍ണ ടോയ്‌ലെറ്റ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ജോണ്‍സ് (39), ബോറ ഗുക്കക് (41), ജെയിംസ് ഷീന്‍ (40) എന്നീ മോഷ്ടാക്കള്‍ക്കൊപ്പം സ്വര്‍ണം വില്‍ക്കാന്‍ ഫ്രെഡ് ഡോയെ ഉപയോഗിക്കാം എന്ന ആശയം മുന്നോട്ടുവെച്ച മോഷ്ടാവും വൈകാതെ പോലീസ് പിടിയിലായി. ഇവര്‍ക്കൊപ്പമാണ് ഫ്രെഡ് ഡോയെയും പോലീസ് കോടതിയില്‍ ഹാജരാക്കിയത്.
മോഷണം നടത്തിയതിന് പിന്നാലെ ഷീന്‍ ആണ് ഫ്രെഡിനെ ബന്ധപ്പെട്ട് സ്വര്‍ണം വില്‍ക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്. സ്വര്‍ണത്തിന്, കാര്‍ എന്ന കോഡ് വാക്ക് നല്‍കിയാണ് ഇവര്‍ ഡീല്‍ സംസാരിച്ചത്. ഓരോ കാറിനും 26,500 പൗണ്ടാണ് സംസാരിച്ചുറപ്പിച്ചത്. അതായത്, ഓരോ പവനും 26,500 പൗണ്ട്, ഏകദേശം 30 ലക്ഷത്തിലധികം രൂപ. മോഷണ സ്വര്‍ണം വില്‍ക്കാനായി തന്നെ ബന്ധപ്പെട്ടവരോട് രണ്ടുമിനിറ്റിനുള്ളില്‍ വിറ്റുതരാം എന്ന് പറഞ്ഞ ഫ്രെഡിന് 21 മാസത്തെ തടവുശിക്ഷയായിരുന്നു കോടതി ആദ്യം വിധിച്ചത്.
