ടെഹ്റാൻ: യുഎസിന്റെ എഫ് 15 യുദ്ധവിമാനം തകർത്തെന്ന് അവകാശപ്പെട്ട് ഇറാൻ. വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. ഹോർമൂസിന്റെ തെക്കൻ തീരത്തുവച്ചാണ് വ്യോമ പ്രതിരോധ സംവിധാനം വിമാനം തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കാര്യത്തിൽ യുഎസോ ഗൾഫ് രാജ്യങ്ങളോ പ്രതികരിച്ചിട്ടില്ല.
നേരത്തെ യുഎസിന്റെ എഫ് 35 പോർ വിമാനവും ഇറാൻ ആക്രമിച്ചിരുന്നു. യുഎസിന്റെ ഈ വിമാനം ആക്രമിക്കുന്ന ആദ്യത്തെ രാജ്യമാണെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എഫ് 35 വിമാനം അടിയന്തര ലാൻഡിങ് നടത്തിയതായി പിന്നീട് യുഎസ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം ഇറാനെതിരായ സൈനിക നടപടികൾ ശക്തമാക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പുകൾക്കിടെ, ബ്രിട്ടന്റെ ആണവ അന്തർവാഹിനിയായ എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ എത്തിയതായി ‘ഡെയ്ലി മെയിൽ’ റിപ്പോർട്ട് ചെയ്തു. മാർച്ച് 6ന് ഓസ്ട്രേലിയൻ നഗരമായ പെർത്തിൽ നിന്ന് പുറപ്പെട്ട അന്തർവാഹിനി, ഹോർമുസ് കടലിടുക്കിന് സമീപമുള്ള വടക്കൻ അറബിക്കടലിൽ നിലയുറപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
1,600 കിലോമീറ്റർ പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളും ഈ അന്തർവാഹിനിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇറാനുനേരെ ആക്രമണം നടത്താൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ ഊർജ സംസ്കരണ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലും പരിഹരിക്കാനാകാത്തവിധം നാശമുണ്ടാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ്. എക്സിലാണ് ഖാലിബാഫിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
