ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി .അബ്ദുറഹ്മാൻ. മെസിയെ പോലുള്ള ഇതിഹാസങ്ങൾ കേരളത്തിൽ വരിക എന്നത് നമ്മളെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ മെസിയും അദ്ദേഹത്തിന്റെ ടീമും കേരളത്തിൽ വരും. അതിൽ ഒരു സംശയവും വേണ്ട. അവർക്ക് കളിക്കാനാവശ്യമായ സ്ഥലവും നമുക്കുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് അനാവശ്യമായ വിവാദങ്ങളാണ്. എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസി കേരളത്തില്‍ കളിക്കാനെത്തുന്നതില്‍ ആശയക്കുഴപ്പം നീങ്ങുന്നുവെന്ന് സംഘാടകരായ റിപ്പോർട്ടട്ടർ ടീവിയും റിപ്പോർട്ട് ചെയ്തു. മെസിയും സംഘവും കേരളത്തില്‍ എത്തും. ഇത് സംബന്ധിച്ച് ഒഴാഴ്ചയ്ക്കകം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. കരാര്‍ പ്രകാരം തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ എഎഫ്എ അനുമതി നല്‍കിയതായി റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചിരുന്നു. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തിയ്യതി നിര്‍ദേശിക്കുക. മെസി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ഇവന്റ് സ്‌പോണ്‍സര്‍ ചെയ്യുമെന്നറിയിച്ചത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ്.
മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ തടസ്സങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ റിപ്പോര്‍ട്ടിലൂടെ പങ്കുവെച്ചിരുന്നു. മെസി വരില്ലെന്ന തരത്തില്‍ വാര്‍ത്ത പൊട്ടിപുറപ്പെട്ടതിന്റെ ഉറവിടം അറിയില്ലെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു.
അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്കെത്തുന്നതിൽ സ്‌റ്റേഡിയങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി. ഒക്ടോബറോടെ മെസി കേരളത്തിലെത്തുമെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒരാഴ്ചയ്ക്കകം ഉണ്ടാവുമെന്നും ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സ്റ്റേഡിയങ്ങളുടെ നിലവാരത്തെ കുറിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രതികരിച്ചത്.
കേരളത്തിലെ രണ്ട് സ്റ്റേഡിയം ഉന്നത നിലവാരത്തില്‍ നവീകരിക്കും. മെസി കേരളത്തിലെത്താന്‍ അഞ്ച് മാസം സമയമുണ്ട്. ഇതിനിടയില്‍ കേരളത്തിലെ രണ്ട് സ്റ്റേഡിയങ്ങളും ഫിഫ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചാല്‍ നവീകരണം വേഗത്തിലാക്കുമെന്നും യു ഷറഫലി പറഞ്ഞു.