പള്ളിയിലേക്ക് ഭർത്താവിനൊപ്പം പോകുന്നതിനിടെ സ്കൂട്ടറിൽ ട്രെയിലർ ലോറിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം

0
786

അരൂർ: ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ സ്കൂട്ടറിൽ ട്രെയിലർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭർത്താവുമൊത്ത് സ്കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ തച്ചാറ കന്നുകളങ്ങര വീട്ടിൽ ജോമോന്റെ ഭാര്യ എസ്തേർ (27) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അപകടം.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ട്രെയിലർ ജോമോൻ ഓടിച്ച സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് പിൻ സീറ്റിലായിരുന്ന എസ്തേർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അരൂർ ക്ഷേത്രം കവലയിലായിരുന്നു അപകടം. എസ്തേറിന് സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടമായി. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.