ബർലിൻ: യാത്രയ്ക്കിടെ പൈലറ്റ് ശുചിമുറിയിൽ പോകുന്നു, കോക്പിറ്റിലുള്ള സഹപൈലറ്റ് കുഴഞ്ഞുവീഴുന്നു, 10 മിനിറ്റ് വിമാനം മനുഷ്യനിയന്ത്രണമില്ലാതെ പറക്കുന്നു – ഏതെങ്കിലും സിനിമയിലെ രംഗമല്ലിത്. കഴിഞ്ഞ വർഷം ഫെബ്രുവരി 17നു നടന്നതാണ്. 199 യാത്രക്കാരും 6 ജീവനക്കാരുമായി ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്നു സ്പെയിനിലെ സവിലിലേക്കു പറന്ന ലുഫ്താൻസ വിമാനത്തിലാണ് ഇതെല്ലാമുണ്ടായത്. ജർമൻ വാർത്താ ഏജൻസി ഡിപിഎ ആണ് വിവരം പുറത്തുവിട്ടത്.
അബോധാവസ്ഥയിലായ സഹപൈലറ്റ് പരിഭ്രാന്തിയിൽ പല നിയന്ത്രണസംവിധാനങ്ങളും പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോപൈലറ്റ് മോഡിൽ ആയിരുന്നതിനാൽ വിമാനം സുഗമമായി യാത്ര തുടർന്നു.
ശുചിമുറിയിൽനിന്നു തിരിച്ചെത്തിയ പൈലറ്റ് പതിവുപോലെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സഹപൈലറ്റിന്റെ ‘അനുമതി’ കിട്ടിയില്ല. തുടർന്ന് പൈലറ്റ് വാതിൽ തുറക്കാനുള്ള എമർജൻസി കോഡ് ടൈപ്പ് ചെയ്യുമ്പോഴേക്കും സഹപൈലറ്റ് എങ്ങനെയോ തുറന്നുകൊടുത്തു. നിയന്ത്രണം ഏറ്റെടുത്ത പൈലറ്റ് വിമാനം മഡ്രിഡിൽ അടിയന്തരമായി ഇറക്കി സഹപൈലറ്റിനെ ആശുപത്രിയിലാക്കി.