കോഴിക്കോട്: പ്രമാദമായ സൈനബ കൊലക്കേസിലെ പ്രതികളെ മുഴുവന്‍ കണ്ടെത്തി അറസ്റ്റ് ചെയ്തു കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ സംഘത്തെ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍. കസബ ഇന്‍സ്‌പെക്ടറായിരുന്ന കൈലാസനാഥ് എസ്.ബി. കസബ പോലീസ് സ്റ്റേഷനിലെ എഎസ്ഐമാരായ സജേഷ് കുമാര്‍ പി., ഷിജി പി.കെ., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് പി.എം. എന്നിവര്‍ക്കാണ് 2023 വര്‍ഷത്തെ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിക്കുന്നത്.
2023 നവംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വെള്ളിപറമ്പ് സ്വദേശിനിയായ സൈനബ(57) യെ കോഴിക്കോട് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് വച്ച് കാണാതാവുകയും ഭര്‍ത്താവിനെ പരാതിയില്‍ കസബ പോലീസ് മിസ്സിങ് കേസ് എടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം ഒട്ടനവധി സിസിടിവി ദൃശ്യങ്ങളും ഫോണ്‍കോള്‍ രേഖകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ സൈനബയെ കാറില്‍ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തുകയും കേസിലെ ഒന്നാംപ്രതിയായ ഗൂഡല്ലൂര്‍ സ്വദേശി മുഹമ്മദ് സമദിനെ ഒളിവില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ താനൂരിലെ വാടകവീട്ടില്‍നിന്നും പിടികൂടുകയുമായിരുന്നു. ഇതോടെയാണ് സൈനബ കൊല്ലപ്പെട്ടതായി തെളിഞ്ഞത്.
സൈനബയുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണവും പണവും കൈക്കലാക്കാനായാണ് സമദും രണ്ടാംപ്രതിയായ സുലൈമാനും ചേര്‍ന്ന് കൊലപാതകം നടത്തിയത്. കാറില്‍വെച്ച് സൈനബയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം 17 പവന്റെ സ്വര്‍ണാഭരണങ്ങളും 3.75 ലക്ഷം രൂപയും പ്രതികള്‍ കൈക്കലാക്കി.
തുടര്‍ന്ന് മൃതദേഹം ഗൂഡല്ലൂര്‍ നാടുകാണി ചുരത്തില്‍ കൊക്കയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒന്നും രണ്ടും പ്രതികളെ സ്വര്‍ണം വില്‍ക്കാനും മറ്റു സഹായിച്ചതിന് ഗൂഡല്ലൂര്‍ സ്വദേശികളായ ശരത്ത്, നജുമുദ്ദീന്‍ എന്ന പിലാപ്പി, വയനാട് സ്വദേശി മുനിയന്‍ എന്ന നിയാസ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ചുരത്തില്‍നിന്ന് സൈനബയുടെ മൃതദേഹവും സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തെളിവുകളും തൊണ്ടിമുതലുകളും അന്വേഷണസംഘം കണ്ടെടുത്തു. പ്രത്യക്ഷത്തില്‍ യാതൊരു തെളിവുകളുമില്ലാതിരുന്ന മിസ്സിങ് കേസില്‍ പോലീസ് സംഘം നടത്തിയ സമര്‍ഥമായ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്