പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ; 5 ദിവസം കസ്റ്റഡിയിൽ; ഇതുവരെ പിടിയിലായത് 8 പേർ

0
551

പിടിയിലായ ജ്യോതി മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്ളോഗറാണ്

ന്യൂഡൽഹി: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ കൂടുതൽപേർ അറസ്റ്റിൽ. പ്രമുഖ യൂട്യൂബറും ഹരിയാന ഹിസാർ സ്വദേശിയുമായ ജ്യോതി മൽഹോത്രയാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

സമൂഹമാധ്യമങ്ങളിലടക്കം  വിവിധ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചാരപ്രവർത്തനം കണ്ടെത്താന് രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിരുന്നു. പിന്നാലെയാണ് രാജ്യത്തിനകത്തുനിന്നുകൊണ്ട് പാക്കിസ്ഥാന് നിർണായക വിവരങ്ങൾ കൈമാറിയവർ ഓരോന്നായി പിടിയിലായത്. ഏറ്റവും ഒടുവിൽ അറസ്റ്റിലായ ഹരിയാന ഹിസാർ സ്വദേശിയായ ജ്യോതി മൽഹോത്ര മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്ളോഗറാണ്.

2023ൽ പാക്കിസ്ഥാനടക്കം സന്ദർശിച്ച് വീഡിയോകൾ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്ക് പാക്കിസ്ഥാനിലേക്ക് പോകാന് വേണ്ട സഹായം ചെയ്തത് പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷാണെന്നും യുവതി ഐഎസ്ഐ ഉദ്യോഗസ്ഥർക്ക് ഇന്ത്യയിലെ വിവിധ മേഖലകളെകുറിച്ച് വിവരം നല്കിയെന്നും ഏജൻസികൾ പറയുന്നു. പാക്കിസ്ഥാനെ പുകഴ്ത്തി സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവച്ചതും അറസ്റ്റിന് കാരണമാണ്.

ഇന്നലെ പട്യാല കന്റോൺമെന്റടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളെടുത്ത് പാക് ഉദ്യോഗസ്ഥർക്ക് കൈമാറിയ കൈതാൾ സ്വദേശിയായ ദേവേന്ദർ സിംഗ് ധില്ലനെ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച പാനിപത്തിൽ ചാരവൃത്തി നടത്തിയ യുപി സ്വദേശിയെ പിടികൂടിയിരുന്നു. ഈമാസം 3 ന് പഞ്ചാബിലെ അമൃത്സറിൽ വ്യോമതാവളങ്ങളുടെയും സൈനിക കേന്ദ്രങ്ങളുടെയും ചിത്രങ്ങളെടുത്ത് ഐഎസ്ഐക്ക് കൈമാറിയ രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു.

11 ന് പാക്ക് ഹൈകമ്മീനിലെ ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിലായിരുന്ന പഞ്ചാബ് മലേർകോട്ല സ്വദേശിയായ യുവതിയുൾപ്പടെ രണ്ട് പേരെ  പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരുടെയും ഫോണുകൾ ഫോറന്സിക് പരിശോധനയ്ക്ക് അയച്ചു, സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലും അതിർത്തി ജില്ലകളിലുമടക്കം രാജ്യവ്യാപകമായി നിരീക്ഷണം വിവിധ ഏജൻസികൾ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം  ഐഎസ് ഐഎസ് സ്ലീപ്പർ സെല്ലിൻറെ ഭാഗമായ  രണ്ട് പേരെ മുംബൈയിൽ   എൻ ഐ എയും പിടികൂടി. അബ്ദുള്ള ഷെയ്ഖ്, തൽഹ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. പൂനെയിൽ 2023 ൽ നടന്ന ഐഇഡി സ്ഫോടനത്തിലെ പ്രതികളാണ് ഇരുവരും. ജക്കാർത്തയിൽ ഒളിവിലായിരുന്ന ഇരുവരും  ഇന്ന് പൂനെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്.