സലാല: ഒമാനിൽ രാത്രി ഉറങ്ങാൻ കിടന്ന പ്രവാസിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചെറുവാടി സ്വദേശി അസരികണ്ടി വീട്ടിൽ ബീരാൻ കുട്ടി എന്ന മുഹമ്മദ് (58) ആണ് ഒമാനിലെ സലാലയിൽ മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു സുഹൃത്തുക്കൾ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
വർഷങ്ങളായി സലാല സെന്ററിൽ അൽ മിയാദ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ബീരാൻ കുട്ടി. മുപ്പത് വർഷത്തിലധികമായി സലാലയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ സറീന. മക്കൾ: മിൻഹാജ്, മിയാദ, മാഹിർ, അക്ബർ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ എത്തിച്ചു മറവു ചെയ്യുമെന്ന് കെഎംസിസി നേതാവ് റഷീദ് കൽപറ്റ അറിയിച്ചു.