വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയ സംഭവം; ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസ്

പത്തനംതിട്ട: വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതിൽ കെ.യു ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുൾപ്പെടെ മൂന്ന് പരാതികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോയത്.

ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് കുമാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടു പോയത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എംഎൽഎ മോചിപ്പിച്ചത്. റേഞ്ച് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ അന്യായമായി കസ്റ്റഡിയിൽ വെച്ചതാണ് ചോദ്യം ചെയ്തതെന്ന് ജനീഷ് കുമാര്‍ പിന്നീട് വിശദീകരിച്ചിരുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചത്. നാടിനു വേണ്ടി ഉയർത്തിയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണം. തല പോയാലും ജനങ്ങൾക്കൊപ്പം നിൽക്കും. കാട്ടാന ചരിഞ്ഞ വിഷയത്തിൽ വനം വകുപ്പ് 11 പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തതെന്നും ജനീഷ് കുമാർ പറഞ്ഞിരുന്നു.