റിയാദ്: ശിരസ്സുകൾ ഒട്ടിപ്പിടിച്ച എരിത്രിയൻ സയാമിസ് ഇരട്ടകളായ അസ്‌മാഇനും സുമയ്യക്കും ഇനി സ്വതന്ത്രരായി ജീവിക്കാം. പതിനഞ്ചര മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഇരുവരെയും വിജയകരമായി വേർപ്പെടുത്തി.
റിയാദിൽ നാഷണൽ ഗാർഡിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്‌ദുല്ല ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ഹോസ്‌പിറ്റലിൽ വെച്ചാണ് മെഡിക്കൽ സംഘം കുട്ടികൾക്ക് ഓപ്പറേഷൻ നടത്തിയത്.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണമാണ് രണ്ടു വയസ് പ്രായമുള്ള എരിത്രിയൻ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ച് സൗജന്യമായി വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തിയതെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും സയാമിസ് ഇരട്ടകൾക്ക് വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തുന്ന മെഡിക്കൽ ടീം തലവനുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
അനസ്തേഷ്യ, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, നഴ്സിംഗ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 36 കൺസൾട്ടന്റുമാരും വിദഗ്‌ധരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. കൃത്യമായ ആസൂത്രണവും ഉയർന്ന തലത്തിലുള്ള സുരക്ഷയും ഉറപ്പാക്കാൻ ന്യൂറോ സർജിക്കൽ നാവിഗേഷൻ സാങ്കേതികവിദ്യയും സർജിക്കൽ മൈക്രോസ്കോപ്പും ഉപയോഗിച്ചു. സയമാമിസ് ഇരട്ടകൾക്ക് പരിചരണം നൽകുന്ന സൗദി പ്രോഗ്രാമിനു കീഴിൽ നടത്തുന്ന 64-ാ മത്തെ ശസ്ത്രക്രിയയാണിത്. ഇരുപത്തിയേഴു രാജ്യങ്ങളിൽ നിന്നുള്ള സയാമിസ് ഇരട്ടകളെ സൗദി പ്രോഗ്രാമിനു കീഴിൽ ഇതിനകം വേർപ്പെടുത്തിയിട്ടുണ്ട്. മുപ്പത്തിയഞ്ചു വർഷത്തിനിടെ 149 സയാമിസ് ഇരട്ടകൾക്ക് സൗദി അറേബ്യ ആരോഗ്യ പരിചരണങ്ങൾ നൽകിയിട്ടുണ്ട്.