ഹോട്ടൽ ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊന്നത്; നെടുമ്പാശേരിയിൽ 2 സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

0
1089

സംഭവ സ്ഥലത്തുവച്ച് നാട്ടുകാരുടെ മർദനമേറ്റ ഒരു ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്,  സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടിയത് വിമാനത്താവളത്തിൽ നിന്ന്

കൊച്ചി: നെടുമ്പാശേരിയിലെ ഹോട്ടൽ ജീവനക്കാരൻ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ രണ്ടു സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.  അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോ (25) മരിച്ചതിൽ സിഐഎസ്എഫ് എസ്ഐ വിനയകുമാർദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 

ഇവർ ഐവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംഭവ സ്ഥലത്തുവച്ച് നാട്ടുകാരുടെ മർദനമേറ്റ വിനയകുമാർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട മോഹനെ വിമാനത്താവളത്തിൽനിന്ന് പൊലീസ് പിടികൂടി.

നായത്തോട് സെന്റ് ജോൺസ് ചാപ്പലിന് അടുത്ത് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ ഐവിനെ ഇടിച്ചു തെറിപ്പിച്ചു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐവിൻ മരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മനഃപൂർവം വാഹനം ഇടിച്ചതിന്റെ സൂചന ലഭിച്ചത്. ഐവിൻ ഹോട്ടലിലെ ഷെഫാണ്. അപകടത്തിനു മുൻപ് ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തർക്കം ഉണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. നെടുമ്പാശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

കാറിടിച്ച് ബോണറ്റിന് മുകളില്‍ വീണ ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  വാഹനത്തിന് സൈഡ് നൽകുന്നതിനെച്ചൊല്ലി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനും ഐവിനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കരുതുന്നത്.