അച്ഛൻ പിക്ക്അപ് വാൻ പിന്നോട്ടെടുത്തു; ഒന്നരവയസുകാരി വാഹനം കയറി മരിച്ചു

പിതാവ് ഓടിച്ച പിക്ക്അപ് വാനിനടിയിൽപ്പെട്ട് പരുക്കേറ്റ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയം അയർക്കുന്നത്താണ് സംഭവം. കോയിത്തുരുത്തിൽ ബിബിൻ ദാസിൻ്റെ മകൾ ദേവപ്രിയ ആണ് മരിച്ചത്. 

ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്തു വെച്ചാണ് അപകടമുണ്ടായത്. ബിബിൻ ദാസ് പിക്ക്അപ് വാൻ പിന്നിലോട്ട് എടുത്തപ്പോൾ സമീപത്തു നിന്ന കുട്ടി പൊടുന്നനെ വാഹനത്തിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു. 

ബിബിൻ ദാസ് ശ്രദ്ധിക്കും മുമ്പേ കുട്ടി പിക്ക്അപ് വാനിനടിയിൽ പെട്ടുപോയി. ഇതാണ് അപകട കാരണം. സംസ്കാരം നാളെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ​

ഗുരുതരമായി പരുക്കേറ്റ കുട്ടി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.