മാരായമുട്ടം വടകര ജോസ് വധം: പ്രതിക്ക് 27 വർഷം തടവു ശിക്ഷ

തിരുവനന്തപുരം: മാരായമുട്ടം ബവ്കോ ഷോപ്പിന് മുന്നിൽ വച്ച് 2014 ൽ വടകര ജോസ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ബിനു എന്ന് വിളിക്കുന്ന അനിൽ കുമാറിന് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ഏഴ് ജഡ്ജ് പ്രസൂൺ മോഹൻ ജീവപര്യന്തം തടവും 11.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 

ജോസിനൊപ്പം ഉണ്ടായിരുന്ന ശരത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് 13 വർഷത്തെ കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. 13 വർഷത്തെ കഠിനതടവിനുശേഷം ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കണമെന്നു വിധി ന്യായത്തിൽ പ്രത്യേകം പരാമർശിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് 2014 മേയ് 12ന് രാത്രി ഒൻപതരയോടെ മാരായമുട്ടത്തുള്ള ബിവറേജ് ഷോപ്പിന്റെ മുന്നിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന ജോസിനെ നാലംഗ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണയ്ക്കിടയിൽ രണ്ടു മുതൽ നാലു വരെയുള്ള പ്രതികൾ വ്യത്യസ്ത ഗുണ്ടാ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.വേണി ഹാജരായി.