റിയാദ്: യുദ്ധം തകര്‍ത്ത രാജ്യത്തിന് ഒരു പുതിയ പാത വാഗ്ദാനം ചെയ്യുന്നതിനായി ഉപരോധങ്ങളില്‍ ഇളവ് നല്‍കി ട്രംപ് സിറിയന്‍ നേതാവുമായി കൂടിക്കാഴ്ച നടത്തി. 25 വര്‍ഷത്തിനിടെ ഒരു അമേരിക്കന്‍ പ്രസിഡന്റ് സിറിയന്‍ നേതാവിനെ കാണുന്നത് ഇതാദ്യമാണ്.
തന്റെ രണ്ടാമൂഴത്തിലെ ആദ്യ സന്ദര്‍ശനനായി റിയാദിലെത്തിയ ട്രംപ്, മുന്‍ ഇസ്ലാമിസ്റ്റ് നേതാവും ദീര്‍ഘകാല ഭരണാധികാരി ബഷാര്‍ അല്‍-അസദ് ഡിസംബറില്‍ പുറത്തായതിനുശേഷം ഇടക്കാല പ്രസിഡന്റുമായ അഹമ്മദ് അല്‍-ഷറായുമായാണ് കൂടിക്കാഴ്ച നടത്തിയത്. സൗദി അറേബ്യയില്‍ ഗള്‍ഫ് നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി ഇരുവരും ഹ്രസ്വ ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇസ്രായേലുമായി സമാധാന ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കാനുള്ള ശ്രമത്തില്‍ 2000-ല്‍ ജനീവയില്‍ ബഷാറിന്റെ പിതാവായ ഹാഫിസ് അസദിനെ ബില്‍ ക്ലിന്റണ്‍ കണ്ടതിന് ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റും സിറിയന്‍ നേതാവിനെ കണ്ടിട്ടില്ല. സിറിയയിലെ അസദിന്റെ കാലത്തെ ‘ക്രൂരവും തളര്‍ത്തുന്നതുമായ’ ഉപരോധങ്ങള്‍ നീക്കുകയാണെന്ന് ട്രംപ് ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ സഖ്യകക്ഷിയായ ഇസ്രായേലിന്റെ നിലപാടിന് വിരുദ്ധമായുള്ള ട്രംപിന്റെ ഏറ്റവും പുതിയ നടപടിയാണിത്.
സിറിയക്കാര്‍ക്ക് ‘ശോഭിക്കാനുള്ള സമയം’ ആഗതമായെന്നും ഉപരോധങ്ങള്‍ ലഘൂകരിക്കുന്നത് ‘അവര്‍ക്ക് മഹത്വത്തിനുള്ള അവസരം നല്‍കും’ എന്നും ട്രംപ് പറഞ്ഞു. ദമാസ്‌കസിലെ ഉമയ്യദ് സ്‌ക്വയറില്‍ നൂറുകണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒത്തുകൂടി സിറിയക്കാര്‍ ഈ വാര്‍ത്ത ആഘോഷിച്ചു.
‘എന്റെ സന്തോഷം വളരെ വലുതാണ്. ഈ തീരുമാനം തീര്‍ച്ചയായും രാജ്യത്തെ മുഴുവന്‍ നല്ല രീതിയില്‍ സഹായിക്കും. നിര്‍മ്മാണം തിരിച്ചെത്തും, പലായനം ചെയ്തവര്‍ തിരിച്ചെത്തും, വില കുറയും,’ 33 കാരിയായ ഇംഗ്ലീഷ് ഭാഷാ അധ്യാപിക ഹുദാ ഖസ്സാര്‍ പറഞ്ഞു. ട്രംപിന്റെ തീരുമാനം സ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്ന ‘നിര്‍ണായക വഴിത്തിരിവ്’ ആണെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.
ക്രൂരമായ ആഭ്യന്തരയുദ്ധത്തിനിടെ സിറിയയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് അമേരിക്ക വ്യാപകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിക്രമങ്ങള്‍ക്ക് കണക്ക് പറയാതെ അസദ് അധികാരത്തില്‍ തുടരുന്നിടത്തോളം കാലം ഉപരോധങ്ങള്‍ ഉപയോഗിക്കുമെന്ന് യു.എസ് വ്യക്തമാക്കി. പലസ്തീന്‍ പോരാളികള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ 1979-ല്‍ തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ സിറിയയെ ഉള്‍പ്പെടുത്തിയത് നീക്കം ചെയ്യുമെന്ന സൂചന ട്രംപ് നല്‍കിയില്ല. ഇത് നിക്ഷേപത്തെ സാരമായി തടസ്സപ്പെടുത്തിയേക്കും.
യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള മറ്റ് പാശ്ചാത്യ ശക്തികള്‍ ഉപരോധങ്ങള്‍ നീക്കാന്‍ നേരത്തെ തയാറായിരുന്നു്. എന്നാല്‍ അമേരിക്ക നിബന്ധനകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ജോ ബൈഡന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന പ്രതിനിധി ഡിസംബറില്‍ ഡമാസ്‌കസില്‍ ഷറായെ സന്ദര്‍ശിക്കുകയും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ മുന്നോട്ടു വെക്കുകയും ചെയ്തിരുന്നു.