കൊച്ചി: പാക്കിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ ഐഎൻഎസ് വിക്രാന്ത് എവിടെയാണെന്ന് അന്വേഷിച്ചയാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാനെയാണ് കൊച്ചി ഹാർബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലാണ് കൊച്ചിൻ ഷിപ്‍യാർഡിൽ നിർമിച്ച ഐഎൻഎസ് വിക്രാന്ത്. മുജീബ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച കൊച്ചി നാവിക ആസ്ഥാനത്തെ ഔദ്യോഗിക ഫോൺ നമ്പറിലേക്കു വിളിച്ചായിരുന്നു ഐഎൻഎസ് വിക്രാന്തിന്റെ ‘ലൊക്കേഷൻ’ എവിടെ എന്ന അന്വേഷണം വന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്നും ‘രാഘവൻ’ എന്നാണ് പേരെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടർന്ന് വിളിച്ചയാളുടെ കൂടുതൽ വിവരങ്ങൾ നാവിക ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ഒരു ഫോൺ നമ്പർ പറഞ്ഞെങ്കിലും പെട്ടെന്നു തന്നെ ഫോൺ വച്ചു.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം മൂർധന്യത്തിലായിരുന്നതിനാൽ നാവിക സേനയും അതീവജാഗ്രതയിൽ ആയിരുന്നു. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങുകയും ഫോൺ വിളിച്ചയാളെ തിരിച്ചറിയുകയും ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ പിന്നാലെ കസ്റ്റഡിയിലെടുത്തു.
ഐഎൻഎസ് വിക്രാന്ത്
കൊച്ചിൻ കപ്പൽ ശാലയിൽ നിർമ്മിച്ച് 2022 സെപ്തംബറിൽ കമ്മിഷൻ ചെയ്ത വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. മിഗ് 29കെ യുദ്ധവിമാനങ്ങളുടെ രണ്ട് സ്‌ക്വാഡ്രണുകളും (40 വിമാനങ്ങൾ വഹിക്കും), 10 ക്‌മോവ് കെ31 ഹെലികോപ്റ്ററുകളും ആകാശത്തെ ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള 64 ബരാക് മിസൈലുകളും വിക്രാന്തിൽ വിന്യസിച്ചിരുന്നു. 262 മീറ്റർ നീളവും 59 മീറ്റർ വീതിയും, 30 നോട്ടിക്കൽ മൈൽ വേഗതയുമുണ്ട്. 1500 കിലോമീറ്റർ പരിധിയിലുള്ള ശത്രു ലക്ഷ്യങ്ങൾ പ്രഹരിക്കാൻ ശേഷി. ലോകത്തെ ഏറ്റവും മികച്ച 10 വിമാനവാഹിനിക്കപ്പലുകളിൽ ഒന്നാണിത്.