കാളത്തോട് നാച്ചു വധക്കേസില്‍ 6 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

തൃശ്ശൂര്‍: സിഐടിയു തൊഴിലാളി നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കാളത്തോട് സ്വദേശികളുമായ ഷാജഹാന്‍, ഷബീര്‍, അമല്‍ സാലിഹ്, ഷിഹാസ്, നവാസ്, സൈനുദ്ദീന്‍ എന്നിവര്‍ക്കാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് 13 ലക്ഷം രൂപയും പിഴ ചുമത്തി.

ഇതിന് പുറമെ ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ക്ക് അഞ്ചുവര്‍ഷം അധികശിക്ഷയും കേടതി വിധിച്ചു. തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജഡ്ജി ടി.കെ. മിനിമോള്‍ ആണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2021 ഒക്ടോബര്‍ 21-നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. കേസിലെ സാക്ഷികള്‍ക്ക് നേരെ നിരവധിതവണ ഭീഷണിയുണ്ടായി. തുടര്‍ന്ന് പ്രത്യേക പോലീസ് സംരക്ഷണത്തോടെയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പ്രതികള്‍ കേസിന്റെ ആവശ്യത്തിനല്ലാതെ തൃശ്ശൂര്‍ ജില്ലയിലേക്ക് കടക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നു.

കേസില്‍ 68 സാക്ഷികളെ വിസ്തരിച്ചു. വിരലടയാളം, ഡിഎന്‍എ അടക്കം പല ശാസ്ത്രീയതെളിവുകളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി. സുനില്‍കുമാര്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു എന്നിവര്‍ ഹാജരായി.