മക്ക: വിദേശത്തുനിന്ന് ഇതുവരെ എത്തിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരുടെ എണ്ണം 2,20,000 കവിഞ്ഞു. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തീർഥാടകരെയും വഹിച്ച ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങൾ എത്തിയത്.
ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഇന്തോനേഷ്യയിൽ നിന്നാണ്, 50,000ലധികം തീർഥാടകർ. തൊട്ടുപിന്നാലെ ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. തീർഥാടകരെ പൂർണമായി സ്വീകരിക്കുന്നതിനും അവരുടെ വരവ്, പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമായി മുൻകൂട്ടി നിശ്ചയിച്ച പദ്ധതികൾക്കനുസൃതമായി എല്ലാ വ്യോമ, കര, കടൽ മാർഗങ്ങളിലും മുൻകൂട്ടി ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഹജ്ജ് വൃത്തങ്ങൾ സൂചിപ്പിച്ചു.
പുണ്യസ്ഥലങ്ങളിലേക്ക് ഹജ്ജ് യാത്ര ആരംഭിക്കുന്നതിനായി മക്കയിലേക്ക് പോകുന്നതിന് മുമ്പ് പ്രവാചകന്റെ പള്ളി സന്ദർശിച്ചും അവിടെ പ്രാർഥിച്ചും തങ്ങളുടെ കർമങ്ങൾ ആരംഭിക്കുകയാണ് മദീനയിലെത്തുന്ന തീർഥാടകർ.
വിവിധ വകുപ്പുകളുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന ‘മക്ക റോഡ് ഇനിഷ്യേറ്റീവ്’ വഴിയും തീർഥാടകരുടെ വരവ് തുടരുകയാണ്. ദൈവഭവനത്തിലേക്കുള്ള തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും അവരുടെ രാജ്യങ്ങളിൽനിന്നുള്ള യാത്രയുടെ തുടക്കം മുതൽ സൗദിയിൽ എത്തിച്ചേരുന്നതുവരെയുള്ള യാത്ര എളുപ്പമാക്കുന്നതിനും ഈ സംരംഭം സഹായിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലേക്കുള്ള തീർഥാടകരെ പരിപാലിക്കുന്നതിൽ ശ്രദ്ധാലുക്കളായ ഹജ്ജ്, ഉംറ മന്ത്രാലയവും മറ്റു എല്ലാ സേവന മേഖലകളും തീർഥാടകർക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിന് അവരുടെ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.