റിയാദ്: ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം ഒഴിവാക്കണമെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്ര മാര്‍ഗങ്ങള്‍ തേടണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്നതില്‍ സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഇരു രാജ്യങ്ങളോടും സൗദി വിദേശ മന്ത്രാലയം അഭ്യര്‍ഥിച്ചു.
ജമ്മു കശ്മീരിലെ റിസോര്‍ട്ട് പട്ടണമായ പഹല്‍ഗാമിന് സമീപം നടന്ന ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് സൗദി പ്രസ്താവന. ഇന്ത്യ സൈനിക നടപടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ‘വിശ്വസനീയമായ ഇന്റലിജന്‍സ്’ റിപ്പോര്‍ട്ട് ഉണ്ടെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. രണ്ട് പാകിസ്ഥാന്‍ പൗരന്മാര്‍ ഉള്‍പ്പെടെ കശ്മീര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് ആക്രമണകാരികളെ തിരിച്ചറിഞ്ഞതായി ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇരു രാ്ജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള സംഘര്‍ഷം ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സൗദി വിദേശ മന്ത്രാലയം പ്രശനത്തില്‍ ഇടപെട്ടിട്ടുള്ളത്.





