ചെന്നൈ: ബ്രേക്ക് സംവിധാനത്തിലെ തകരാർ നിലത്തിറക്കുന്നതിനു തൊട്ടു മുൻപ് പൈലറ്റ് തിരിച്ചറിഞ്ഞതിനാൽ വിമാനം അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. ദോഹയിൽ നിന്ന് 314 യാത്രക്കാരുമായി ചെന്നൈയിലെത്തിയ ഖത്തർ എയർലൈൻസിന്റെ വിമാനത്തിനാണു സാങ്കേതിക തകരാറുണ്ടായത്.
തകരാർ മനസ്സിലാക്കിയ പൈലറ്റ്, നിശ്ചിത സമയത്തിനും 20 മിനിറ്റ് മുൻപ് അടിയന്തരമായി നിലത്തിറക്കാനുള്ള അനുമതി തേടി. അടിയന്തര സാഹചര്യം നേരിടാൻ സുരക്ഷാ സേനയും അഗ്നിശമന സേനയും മെഡിക്കൽ സംഘവും മുന്നൊരുക്കങ്ങൾ നടത്തി. യാത്രക്കാരെല്ലാം സീറ്റ് ബെൽറ്റ് ധരിച്ചെന്ന് ഉറപ്പാക്കിയ പൈലറ്റും ജീവനക്കാരും തകരാർ യാത്രക്കാർ അറിയാതിരിക്കാനും ശ്രദ്ധിച്ചു.